‘ഒരിക്കലും പ്രൈസ് അടിക്കാത്ത കിട്ടുണ്ണിയുടെ ലോട്ടറി’; ബി.ജെ.പി പ്രകടനപത്രികയെ ട്രോളി ഇന്നസെന്റ്

വര്ഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യന് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന ബി.ജെ.പി വാഗ്ദാനം കിട്ടുണ്ണിയുടെ കൈയ്യിലെ അടിക്കാത്ത ലോട്ടറിക്ക് സമാനമാണെന്നാണ് ട്രോളിന്റെ സാരം.
 | 
‘ഒരിക്കലും പ്രൈസ് അടിക്കാത്ത കിട്ടുണ്ണിയുടെ ലോട്ടറി’; ബി.ജെ.പി പ്രകടനപത്രികയെ ട്രോളി ഇന്നസെന്റ്

കൊച്ചി: ബി.ജെ.പിയുടെ പ്രകടനപത്രികയെ ട്രോളി ചാലക്കുടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. കിലുക്കത്തിലെ ലോട്ടറി ടിക്കറ്റ് അടിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കിട്ടുണ്ണി എന്ന കഥാപാത്രത്തിന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് പ്രകടന പത്രികയില്‍ വാഗ്ദാനങ്ങളെ ഇന്നസെന്റ് ട്രോളിയത്. ഇന്നസെന്റ് തന്നെ അവതരിപ്പിച്ച കിട്ടുണ്ണിയൂടെ ലോട്ടറി സീന്‍ വളരെയേറെ ശ്രദ്ധ നേടിയ കോമഡി രംഗങ്ങളിലൊന്നാണ്. വര്‍ഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന ബി.ജെ.പി വാഗ്ദാനം കിട്ടുണ്ണിയുടെ കൈയ്യിലെ അടിക്കാത്ത ലോട്ടറിക്ക് സമാനമാണെന്നാണ് ട്രോളിന്റെ സാരം.

വലിയ വാഗ്ദാനങ്ങളുമായിട്ടാണ് ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. ‘സങ്കല്‍പ് പത്ര്’ എന്നാണ് പത്രികയ്ക്ക് പേരിട്ടിരിക്കുന്നത്. ‘സങ്കല്‍പിത് ഭാരത് – സശക്ത് ഭാരത്’ എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. നരേന്ദ്ര മോഡിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയായിട്ടായിരിക്കും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെന്ന് നേരത്തെ ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.

രാമക്ഷേത്രം നിര്‍മ്മിക്കുന്നതും പൗരത്വ ബില്‍ പാസാക്കുന്നതും സംബന്ധിച്ച് ഹിന്ദുത്വ സംഘനകള്‍ ഇതുവരെ ഉയര്‍ത്തിയ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നതാണ് പത്രിക. സൗഹൃദപരമായ അന്തരീക്ഷത്തില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള എല്ലാ നടപടികളുമുണ്ടാകുമെന്നാണ് പത്രികയില്‍ പറയുന്നത്. പൗരത്വ ബില്ലിനും ഏകീകൃത സിവില്‍ കോഡിനും ആവശ്യമായ തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നും പത്രിക വ്യക്തമാക്കുന്നുണ്ട്. ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്ത.ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി "വർഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തും.

Posted by Innocent on Monday, April 8, 2019