കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. കൊല്ലപ്പെട്ട അഞ്ചു പേരുടെയും കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇതിനായി പണം നൽകുക. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാച്ചെലവ് വഹിക്കാനും തീരുമാനമായി.
ഒക്ടോബർ 29-ാം തിയതിയാണ് കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന യഹോവസാക്ഷികളുടെ കൺവെൻഷനിടെ ബോംബ് സ്ഫോടനമുണ്ടായത്. പ്രാർത്ഥനായോഗത്തിനിടെ മൂന്നു സ്ഫോടനങ്ങളുണ്ടായി. സംഭവസ്ഥലത്തു വെച്ചു തന്നെ ഒരാൾ മരിച്ചിരുന്നു. പന്ത്രണ്ട് വയസുകാരിയായ പെൺകുട്ടി ഉൾപ്പെടെ നാലു പേർ പിന്നീട് ചികിത്സക്കിടെ മരിച്ചിരുന്നു.
കൊച്ചി, തമ്മനം സ്വദേശിയായ ഡൊമിനിക് മാർട്ടിൻ എന്നയാൾ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്നു തന്നെ കൊടകര പോലീസിൽ കീഴടങ്ങിയിരുന്നു. സ്ഫോടക വസ്തുക്കൾ വാങ്ങിയതിന്റെ ബില്ല് ഉൾപ്പെടെ ഹാജരാക്കിക്കൊണ്ടാണ് ഇയാൾ കീഴടങ്ങിയത്. കീഴടങ്ങുന്നതിന് മുൻപായി ഇയാൾ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.