ബജറ്റിന്റെ ലോഗോയില്‍നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട്; ത്രിഭാഷാ നയത്തിനെതിരായ പ്രതിഷേധം?

 | 
stalin rupee

സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ '₹' ചിഹ്നത്തിനുപകരം തമിഴ് അക്ഷരമായ 'രു' (ரூ) ചേര്‍ത്ത് തമിഴ്‌നാട് സർക്കാർ. ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഈ മാറ്റമുള്ളത്. 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്ചയാണ് തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിക്കുക.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷനയത്തില്‍ കേന്ദ്രത്തിനെതിരേ തുറന്നയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. ഈ പശ്ചാത്തലത്തില്‍ രൂപയുടെ ചിഹ്നത്തിനു പകരമുള്ള 'രു' വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. മുന്‍പത്തെ രണ്ട് ബജറ്റുകളിലും രൂപയുടെ ചിഹ്നമാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണയാണ് ഇതില്‍ മാറ്റംകൊണ്ടുവന്നിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ, 'ഇന്ത്യയില്‍നിന്ന് വേറിട്ട് നില്‍ക്കാ'നുള്ള ഡിഎംകെയുടെ നീക്കമാണ് ഇത് കാണിക്കുന്നതെന്ന് ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി ആരോപിച്ചു. രൂപയുടെ ചിഹ്നം ഇന്ത്യയുടെ ചിഹ്നമായാണ് എവിടെയും മനസ്സിലാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഇ.പി. പ്രകാരമുള്ള ത്രിഭാഷാ നയത്തില്‍, ഭാഷ ഏതായിരിക്കണമെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ നിശബ്ദ ശ്രമമായിട്ടാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ കാണുന്നത്. ത്രിഭാഷാനയത്തിനെതിരേ ഡി.എം.കെ. അതിരൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്‌. ത്രിഭാഷാനയം നടപ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സമഗ്ര ശിക്ഷാ അഭിയാനിലെ കേന്ദ്രസഹായമായ 573 കോടി രൂപ കേന്ദ്രസര്‍ക്കാർ പിടിച്ചുവെച്ചിരുന്നു.