ഗ്രൂപ്പില്ല, തലതൊട്ടപ്പന്‍മാരില്ല; മാത്യുവിനെ തുണച്ചത് യോഗ്യതയും കഴിവും മാത്രം

ഗ്രൂപ്പില്ല, തലതൊട്ടപ്പന്മാരില്ല; മാത്യുവിനെ തുണച്ചത് യോഗ്യതയും കഴിവും മാത്രം
 | 
ഗ്രൂപ്പില്ല, തലതൊട്ടപ്പന്‍മാരില്ല; മാത്യുവിനെ തുണച്ചത് യോഗ്യതയും കഴിവും മാത്രം

ജെയിംസ് ജെ.ജെ.

ഡോ. മാത്യു കുഴല്‍ നാടന്‍, കോണ്‍ഗ്രസിന്റെ യുവ നേതാക്കളില്‍ വ്യത്യസ്ത നിലപാട് കൊണ്ട് ശ്രദ്ധേയനാണ് എന്നും. നേതാക്കളെ മണിയടിച്ച് അവരുടെ പെട്ടിയെടുത്തല്ല സ്ഥാനമാനങ്ങള്‍ നേടേണ്ടതെന്ന് തെളിയിച്ച നേതാവ്. ദേശീയ രാഷ്ട്രീയത്തിലും സാമ്പത്തിക, വിദേശകാര്യങ്ങളിലും വിശാലമായ അറിവ്. ഉന്നത വിദ്യാഭ്യാസ യോഗ്യത, മാന്യമായ പെരുമാറ്റം ഇതെല്ലാം ഉണ്ടായിട്ടും മാത്യുവിന് മുന്നില്‍ കൊട്ടിയടക്കപ്പെട്ട അവസരങ്ങള്‍ നിരവധിയാണ്.

കെ എസ് യു വിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന മാത്യുവിനൊപ്പമുള്ളവരും അതിന് ശേഷം എത്തിയവരും ഇന്ന് എം എല്‍ എയും എം.പിയും മെല്ലാമായി ഗ്രൂപ്പ് അക്കൗണ്ടുകളില്‍. അപ്പോഴും മാത്യു മാറ്റി നിര്‍ത്തപ്പെട്ടു, ഗ്രൂപ്പിന്റെ ചീട്ട് ഇല്ലാത്തതിനാല്‍. യൂത്ത് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടത്താത്തതില്‍ പരസ്യമായി രംഗത്തെത്തി മാത്യു. രാഷ്ട്രീയക്കാര്‍ മറ്റെന്തെങ്കിലും തൊഴില്‍ ചെയ്യണമെന്നും എന്നാല്‍ മാത്രമേ അഴിമതി കുറയൂ എന്നും പരസ്യമായി പറഞ്ഞ യുവ നേതാവാണ് ഇദ്ദേഹം.

മാത്യുവിനെ ഗ്രൂപ്പിന്റെ പേരില്‍ അകറ്റി നിര്‍ത്തിയപ്പോഴും ഇദ്ദേഹത്തെ അടുത്തറിഞ്ഞത് രാഹുല്‍ ഗാന്ധിയെയും ശശി തരൂരിനെയും പോലുള്ളവരാണ്. അങ്ങനെയാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനും മാത്യു ആകുന്നത്. ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായ ജെഎന്‍യുവിന്റെ പ്രോഡക്ട് കൂടിയാണ് മാത്യു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തിരക്കുള്ള യുവ അഭിഭാഷകനും. കഴിഞ്ഞ നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പല സീറ്റിലും പരിഗണിക്കപ്പെട്ടെങ്കിലും അവസാനഘട്ടം തഴയപ്പെട്ടു.

കെ പി സി സി പുനഃസംഘടനയില്‍ ജനറല്‍ സെക്രട്ടറിയായി മാത്യുവിനെ ഹൈക്കമാന്റ് പരിഗണിച്ചതോടെ ഗ്രൂപ്പിനതീതമായി നിന്നാലും അംഗീകരിക്കപ്പെടുമെന്ന സൂചന കൂടിയാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്. പൗരത്വ ബില്ലിനെതിരെ മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന സെക്കുലര്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കോതമംഗലം പളളി പരിസരത്ത് നമസ്‌കരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.