നിപ; 20 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്

 | 
Nipah
നിരീക്ഷണത്തില്‍ തുടരുന്ന 20 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: നിരീക്ഷണത്തില്‍ തുടരുന്ന 20 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന 6 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഇനി 21 സാംപിളുകളുടെ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ നിപ പരിശോധനയ്ക്ക് അയച്ച 30 പേരുടെ സാംപിളുകള്‍ നെഗറ്റീവ് ആയി. 

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ എത്തിയ 17 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഇവരില്‍ 16 പേര്‍ നെഗറ്റീവാണ്. ഒരാളുടെ ഫലം ലഭിക്കാനുണ്ട്. 68 പേരാണ് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 4 പേര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ആശങ്കാജനകമായ സ്ഥിതിയില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ എത്തിയ 155 പേരെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം. ഭോപ്പാലില്‍ നിന്നുള്ള എന്‍ഐവി സംഘം ഇതിനായി എത്തും. പരിശോധനയ്ക്ക് കാട്ടുമൃഗങ്ങളുടെ സാംപിള്‍ ശേഖരിക്കാന്‍ നിയമ തടസമുണ്ടെങ്കില്‍ അതിനായി പ്രത്യേക ഉത്തരവിറക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.