എംപിമാരുടെ പ്രവര്‍ത്തന മികവ്; മനോരമ സര്‍വേയില്‍ ജോസ് കെ.മാണി ഒന്നാമത്; വാസവനേക്കാള്‍ മുന്നേറ്റം നടത്തി തോമസ് ചാഴികാടന്‍

സംസ്ഥാനത്തെ 20 എംപിമാരില് മികച്ച പ്രവര്ത്തനം കാഴ്ചവെച്ച എപിയായി ജോസ് കെ.മാണി തെരഞ്ഞെടുക്കപ്പെട്ടു. കാര്വേ മനോരമ സര്വേയിലാണ് ജോസ് കെ.മാണി മുന്നിരയില് എത്തിയത്. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്ത്ഥി തോമസ് ചാഴികാടനും ജോസ് കെ.മാണിക്കും ഇരട്ടിമധുരമാണ് ഈ ഫലം.
 | 
എംപിമാരുടെ പ്രവര്‍ത്തന മികവ്; മനോരമ സര്‍വേയില്‍ ജോസ് കെ.മാണി ഒന്നാമത്; വാസവനേക്കാള്‍ മുന്നേറ്റം നടത്തി തോമസ് ചാഴികാടന്‍

കോട്ടയം: സംസ്ഥാനത്തെ 20 എംപിമാരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച എപിയായി ജോസ് കെ.മാണി തെരഞ്ഞെടുക്കപ്പെട്ടു. കാര്‍വേ മനോരമ സര്‍വേയിലാണ് ജോസ് കെ.മാണി മുന്‍നിരയില്‍ എത്തിയത്. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനും ജോസ് കെ.മാണിക്കും ഇരട്ടിമധുരമാണ് ഈ ഫലം.

രണ്ടാം സ്ഥാനത്തെത്തിയ ആറ്റിങ്ങല്‍ എംപി എ സമ്പത്തിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ജോസ് കെ മാണിയുടെ മുന്നേറ്റം. അതിനൊപ്പമാണ് ഇലക്ഷന്‍ സര്‍വെയില്‍ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തേക്കാള്‍ 10 ശതമാനത്തോളം വോട്ടുകളുടെ വ്യത്യാസത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ വന്‍ വിജയം നേടുമെന്നാണ് സര്‍വ്വേഫലം.

ഇടതുമുന്നണി സ്ഥാനാര്‍ഥി വി എന്‍ വാസവന് 39 ശതമാനവും തോമസ് ചാഴികാടന് 49 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് സര്‍വേ വിലയിരുത്തല്‍. ഇതോടെ വര്‍ധിത ആവേശത്തിലായിരിക്കുകയാണ് കോട്ടയത്തെ യു ഡി എഫ് പ്രവര്‍ത്തകര്‍.

തുടക്കം മുതല്‍ തന്നെ കോട്ടയം മണ്ഡലത്തിലെ കഴിഞ്ഞ 10 വര്‍ഷത്തെ വികസനം ചൂണ്ടിക്കാട്ടിയായിരുന്നു യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായി സ്ഥാപിതമാകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള 3 സ്ഥാപനങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ മാത്രം ജോസ് കെ മാണി കൊണ്ടുവന്നത്.

പാലാ വലവൂരിലെ ഐ ഐ ഐ ടി, കുറവിലങ്ങാട്ടെ സയന്‍സ് സിറ്റി, കോട്ടയത്തെ മാസ്‌ക്കോം എന്നിവയായിരുന്നു ഇത്. മൂന്ന് പദ്ധതികളും തുടക്കം കുറിയ്ക്കുകയും ചെയ്തു. ഒന്നാം ഘട്ടം പൂര്‍ത്തിയായ ഈ പദ്ധതികള്‍ പല ഘട്ടങ്ങളിലൂടെ മാത്രമേ പൂര്‍ത്തിയാകുകയുള്ളൂ. അതിന് ഈ പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന വിധം അറിവും അവഗാഹവുമുള്ള ആള്‍ എന്ന നിലയിലാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്റും മുന്‍ ബാങ്ക് മാനേജരുമായ തോമസ് ചാഴികാടനെ ജോസ് കെ മാണി തന്റെ പിന്‍ഗാമിയാക്കിയത്.

ഒരു ജില്ലയില്‍ 2 കേന്ദ്രീയ വിദ്യാലയങ്ങള്‍ സ്ഥാപിച്ച രാജ്യത്തെ ആദ്യ ജില്ലയും കോട്ടയമായിരുന്നു. ഇവിടെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം കൊണ്ടുവരുന്നത് ജോസ് കെ മാണിയാണ്. 2009 ല്‍ ജോസ് കെ മാണി എം പിയായി തെരഞ്ഞെടുക്കപ്പെടും വരെ കോട്ടയത്ത് 100 രൂപ പോലും കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും ചിലവഴിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര റോഡ് ഫണ്ടിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മണ്ഡലത്തിലെ റോഡുകള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ റബറൈസ്ഡ് ചെയ്ത് യാത്രായോഗ്യവും മനോഹരവുമാക്കാന്‍ ജോസ് കെ മാണിക്ക് സാധിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 200 കോടി രൂപയാണ് കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും മണ്ഡലത്തില്‍ വിനിയോഗിച്ചത്.

ഓരോ പ്രദേശതത്തും അതാത് മേഖലയിലെ സാഹചര്യങ്ങള്‍ക്കനുയോജ്യമായ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിന് ഉദാഹരണമായിരുന്നു മണ്ഡലത്തിലെ പ്രധാന മത്സ്യ മാര്‍ക്കറ്റുകളായ ഏറ്റുമാനൂരിലെയും വൈക്കത്തെയും മാര്‍ക്കറ്റുകളുടെ നവീകരണം. അന്തര്‍ദേശീയ നിലവാരത്തിലുള്ള മത്സ്യ മാര്‍ക്കറ്റുകളാണ് രണ്ടിടത്തും സ്ഥാപിതമായത്.

കൂടാതെ നിരവധി സ്ഥാപനങ്ങള്‍ കോട്ടയത്ത് സ്ഥാപിതമായി. ആയിരത്തി അഞ്ഞൂറോളം കോടിയുടെ വികസനം കോട്ടയത്തേക്കെത്തി. ഇതാണ് കേരളത്തിലെ മികച്ച എം പിയായി ജോസ് കെ മാണി തെരഞ്ഞെടുക്കപ്പെടാന്‍ വഴിമരുന്നായത്. മണ്ഡലത്തിലെ ഓരോ മേഖലയിലെയും ജനങ്ങള്‍ക്ക് നേരിട്ട് അനുഭവവേദ്യമാകുന്ന വികസന നേട്ടങ്ങള്‍ ഇവിടെ കൊണ്ടുവന്നു എന്നതാണ് ജോസ് കെ മാണിയുടെ നേട്ടം.

ആ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വോട്ടുതേടുമ്പോള്‍ അതിന് സ്വീകാര്യത ലഭിച്ചുവെന്നതിന് തെളിവാണ് 10 ശതമാനത്തോളം വ്യത്യാസത്തിലുള്ള കോട്ടയത്തെ മുന്നേറ്റമെന്നാണ് യു ഡി എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അതിന്റെ ആവേശം അണികളിലും ദൃശ്യമാണ്.