ബാലചന്ദ്രകുമാറിനെ അറിയാമെന്ന് പള്‍സര്‍ സുനി; ദിലീപിനെ വെട്ടിലാക്കി സുനിയും സാക്ഷിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം

 | 
Pulsar Suni

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി പള്‍സര്‍ സുനിയുടെ ഫോണ്‍ കോള്‍. ബാലചന്ദ്രകുമാറിനെ തനിക്ക് അറിയാമെന്ന് പള്‍സര്‍ സുനി പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വെച്ച് ബാലചന്ദ്രകുമാറിനെ താന്‍ കണ്ടിട്ടുണ്ടെന്ന് ശബ്ദരേഖയില്‍ സുനി പറയുന്നു. കേസിലെ സാക്ഷി ജിന്‍സണുമായി ജയിലില്‍ നിന്ന് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗാണ് പുറത്തു വന്നത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതിന് ശേഷമുള്ള ഫോണ്‍ സംഭാഷണമാണ് ഇത്. സഹതടവുകാരനായിരുന്ന ജിന്‍സണെ ജയില്‍ നിന്നാണ് പള്‍സര്‍ സുനി ഫോണ്‍ വിളിച്ചത്. ദിലീപിന്റെ വീട്ടില്‍ വെച്ചും ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചും മറ്റ് സ്ഥലങ്ങളില്‍ വെച്ചും ബാലചന്ദ്രകുമാറിനെ താന്‍ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി പറയുന്നുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്നപ്പോള്‍ സഹതടവുകാരനായിരുന്ന ജിന്‍സണോട് പള്‍സര്‍ സുനി പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജിന്‍സണെ കേസില്‍ സാക്ഷിയാക്കിയിരുന്നു.