രാജ്യത്തു നിന്ന് കോണ്‍ഗ്രസും ലോകത്തു നിന്ന് കമ്യൂണിസവും ഇല്ലാതാകുന്നു; കേരളത്തിലും താമര വിരിയുമെന്ന് അമിത് ഷാ

 

കേരളത്തില്‍ താമര വിരിയുന്ന കാലം വിദൂരമല്ലെന്ന് അമിത് ഷാ. രാജ്യത്തു നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തു നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് ഭാവിയുണ്ടെങ്കില്‍ അത് ബി.ജെ.പിക്ക് മാത്രമാണ്. അത് മനസില്‍വെച്ചുകൊണ്ടുവേണം ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുവാനെന്നും അമിത് ഷാ പറഞ്ഞു. 

തിരുവനന്തപുരത്ത് ബി.ജെ.പി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മറ്റ് ഭാഗത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രഭക്തി മാത്രം മതി. പക്ഷേ, കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ രാഷ്ട്രഭക്തിക്കൊപ്പം ബലിദാനം ചെയ്യുന്നതിനുള്ള ശക്തിയും ധൈര്യവുമുണ്ടായിരിക്കണമെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി 60 വര്‍ഷം രാജ്യം ഭരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വ്യത്യസ്തമായ സമയങ്ങളില്‍ എട്ട് വര്‍ഷം ഭരണത്തിന്റെ ഭാഗമാകാനുള്ള, പിന്തുണയ്ക്കാനുള്ള അവസരം ലഭിച്ചു. എന്നാല്‍ അവര്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അമിത് ഷാ ആരോപിച്ചു.