ഗർഭപാത്രം വാടകക്കെടുത്താൽ അമ്മക്ക് പ്രസവാവധി കിട്ടുമോ? തർക്കം ഹൈക്കോടതിയിൽ

ഗർഭപാത്രം വാടകക്കെടുത്തുള്ള സറോഗേറ്റീവ് മാതൃത്വത്തിന് പ്രസവാവധി ലഭിക്കുമോ? ഇതുവരെ ആരും ഉന്നയിക്കാതിരുന്ന ഈ പ്രശ്നത്തിന് പരിഹാരം തേടി മലയാളി ഉദ്യോഗസ്ഥ ഹൈക്കോടതിയെ സമീപിച്ചു. കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിൽ ഡപ്യൂട്ടി ജനറൽ മാനേജരായ പി.ഗീതയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.
 


കൊച്ചി:
ഗർഭപാത്രം വാടകക്കെടുത്തുള്ള സറോഗേറ്റീവ് മാതൃത്വത്തിന് പ്രസവാവധി ലഭിക്കുമോ? ഇതുവരെ ആരും ഉന്നയിക്കാതിരുന്ന ഈ പ്രശ്‌നത്തിന് പരിഹാരം തേടി മലയാളി ഉദ്യോഗസ്ഥ ഹൈക്കോടതിയെ സമീപിച്ചു. കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്‌മെന്റ് ബോർഡിൽ ഡപ്യൂട്ടി ജനറൽ മാനേജരായ പി.ഗീതയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് 20 വർഷമായെങ്കിലും കുട്ടികളുണ്ടാകാത്തതിന്റെ വിഷമത്തിലായിരുന്നു ഗീത. ഇതിനിടയിൽ അസുഖത്തേത്തുടർന്ന് അവരുടെ ഗർഭപാത്രം നീക്കം ചെയ്തു. ഇതോടെ കുട്ടികൾ എന്ന സ്വപ്‌നം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എന്നാൽ ഗർഭപാത്രം വാടകക്കെടുത്ത് കുട്ടിയെ ജനിപ്പിക്കാം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെ ആ മാർഗം തേടാൻ തീരുമാനിക്കുകയായിരുന്നു. മാതാവിന്റെ അണ്ഡവും പിതാവിന്റെ ബീജവും ചേർത്ത് ഭ്രുണം ഉണ്ടാക്കിയ ശേഷം മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് ഇത്.

ഹൈദരാബാദിലെ ഒരു ക്ലിനിക്കാണ് ഇവരുടെ സറോഗസി ഗർഭധാരണത്തിന് സഹായം ചെയ്തത്. കുഞ്ഞ് ജനിച്ച ശേഷം അവർ ഗീതക്ക് കൈമാറുകയും ചെയ്തു. ഇതിനിടെ കുട്ടിയെ സംരക്ഷിക്കാനായി മെറ്റേണിറ്റി ലീവിന് അപേക്ഷ നൽകിയ ഗീതക്ക് അത് നിഷേധിച്ചുകൊണ്ടുള്ള മറുപടിയാണ് വകുപ്പ് മേധാവികൾ നൽകിയത്. ഗീത ബയോളജിക്കൽ അമ്മയല്ലെന്നാണ് ലീവ് നിഷേധിക്കാൻ കാരണമായി ഉന്നയിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ജീവശാസ്ത്രപരമായി താനാണ് കുഞ്ഞിന്റെ അമ്മയെന്നും ഗീത വാദിക്കുന്നു.

സാധാരണ നിലയിൽ ഒരു കുഞ്ഞ് ജനിച്ചാൽ ലഭിക്കാനിടയുള്ള പരിചരണം തന്നെയാണ് വാടക ഗർഭപാത്രത്തിലൂടെ ജനിക്കുന്ന കുഞ്ഞിനും ലഭിക്കേണ്ടതെന്ന് ഗീതയുടെ അഭിഭാഷകയായ തുഷാര ജയിംസ് പറയുന്നു. കുഞ്ഞിനെ പരിചരിക്കാനായി അമ്മക്ക് അനുവദിക്കേണ്ട ലീവ് നിഷേധിച്ചാൽ അത് മനുഷ്യത്വ വിരുദ്ധമാകും. അതിനാൽ ഗീത ലീവ് ലഭിക്കാൻ അർഹതയുണ്ടെന്നും തുഷാര പറഞ്ഞു.