ഹരിയാനയിലെ പാൽക്കാരന്റെ മകന് ലോക ജൂനിയർ ഗോൾഫ് ചാമ്പ്യൻപട്ടം

ഹരിയാനയിലെ പാൽകച്ചവടക്കാരന്റെ മകൻ ലോക ജൂനിയർ ഗോൾഫ് ചാമ്പ്യൻപട്ടം നേടി. ശുഭം ജഗ്ളൻ എന്ന പത്തുവയസുകാരനാണ് ഈ അസുലഭ നേട്ടം കൈവരിച്ചത്. കാലിഫോർണിയയിലെ വെൽക് റിസോർട്ട് ഫൗണ്ടൻ കോഴ്സിൽ ഞായറാഴ്ചയായിരുന്നു മത്സരം.
 

 

കാലിഫോർണിയ: ഹരിയാനയിലെ പാൽകച്ചവടക്കാരന്റെ മകൻ ലോക ജൂനിയർ ഗോൾഫ് ചാമ്പ്യൻപട്ടം നേടി. ശുഭം ജഗ്‌ളൻ എന്ന പത്തുവയസുകാരനാണ് ഈ അസുലഭ നേട്ടം കൈവരിച്ചത്. കാലിഫോർണിയയിലെ വെൽക് റിസോർട്ട് ഫൗണ്ടൻ കോഴ്‌സിൽ ഞായറാഴ്ചയായിരുന്നു മത്സരം.

15 പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. അവരിൽ അഞ്ച് പേർ ഫൈനലിൽ പ്രവേശിച്ചു. അർജുന അവാർഡ് ജേതാവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ അമിത് ലുദ്രയാണ് ഗോൾഫ് ഫൗണ്ടേഷന്റെ സഹായത്തോടെ ശുഭത്തിന് അവസരം ഒരുക്കിയത്.

അവസാനം താനത് നേടി. എല്ലാ അംഗീകാരങ്ങളും കുടുംബത്തിനും, തന്നെ കളിക്കാനും പരിശീലനത്തിനും അവസരം ഒരുക്കിത്തന്ന ഡൽഹി ഗോൾഫ് ക്ലബിനും അർഹതപ്പെട്ടതാണ്, ശുഭം പറഞ്ഞു. ഗോൾഫ് ക്ലബ് വേണ്ട സഹായങ്ങളെല്ലാം നൽകിയെന്നും വിജയത്തിലേക്ക് തന്നെ നയിച്ച കോച്ച് നോനിത ലാൽ ഖുറേഷിക്കും അമിത് ലുദ്രയ്ക്കും കൂട്ടുകാർക്കും പ്രത്യേകം നന്ദി പറയുന്നതായും ശുഭം പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ റണ്ണർ അപ് ആയിരുന്നു ശുഭം. ഈ നേട്ടം തനിക്കേറെ വിലപ്പെട്ടതാണ്. അതിനേക്കാൾ ഉപരിയായി തനിക്ക് എല്ലാവിധ പിന്തുണയും തന്ന് സദാ കൂടെനിന്ന അച്ഛനും ഇത് ഏറെ വിലപ്പെട്ടതാണ്. തന്നേക്കാൾ അധികം അച്ഛനാണ് കഠിനാധ്വാനം ചെയ്യുന്നതെന്നും ശുഭം പറയുന്നു.