കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4 കൊറോണ മരണം; 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4 പേര് കൊവിഡ് 19 രോഗം മൂലം മരിച്ചു.
 

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4 പേര്‍ കൊവിഡ് 19 രോഗം മൂലം മരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 42 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 649 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 13 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ടെങ്കിലും അത് വലിയ തോതിലുള്ള വര്‍ദ്ധനവല്ലെന്ന് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊറോണ ബാധിതര്‍ക്ക് മാത്രമായി ആശുപത്രികള്‍ തയ്യാറാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. 17 സംസ്ഥാനങ്ങള്‍ ഇത്തരം ആശുപത്രികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമൊട്ടാകെ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് കൊറോണ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ 21,000 കടന്നു. 7503 പേര്‍ മരിച്ച ഇറ്റലിയിലാണ് ഏറ്റവും കൂടുതലാളുകള്‍ മരിച്ചത്. സ്‌പെയിനില്‍ നാലായിരത്തോളം പേര്‍ മരിച്ചു.

ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ രോഗവ്യാപനം വളരെ വേഗത്തിലാണ് നടക്കുന്നത്. ഇന്ത്യ രോഗം പടരുന്നത് തടയുന്നതിനായി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.