റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍; വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം

വ്യോമസേനയ്ക്ക് വേണ്ടി ഫ്രാന്സില് നിന്ന് വാങ്ങിയ റഫാല് വിമാനങ്ങള് ഇന്ത്യയില് എത്തി.
 

ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് വേണ്ടി ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തി. അഞ്ച് വിമാനങ്ങളാണ് അംബാലയിലെ വ്യോമസേനാ താവളത്തില്‍ പറന്നിറങ്ങിയത്. വാട്ടര്‍ സല്യൂട്ട് നല്‍കി വ്യോമസേന പുതിയ വിമാനങ്ങളെ സ്വീകരിച്ചു. വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയയും വിമാനങ്ങളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

ഉച്ചയ്ക്ക് 1.40ഓടെ ഇന്ത്യന്‍ വ്യോമപരിധിയില്‍ എത്തിയ വിമാനങ്ങള്‍ക്ക് രണ്ട് സുഖോയ് വിമാനങ്ങള്‍ ഇരു വശത്തുമായി അകമ്പടി നല്‍കി. ഇന്ത്യന്‍ ആകാശപരിധിയില്‍ എത്തിയതിന് പിന്നാലെ അറബിക്കടലില്‍ വിന്യസിച്ചിരുന്ന ഐഎന്‍എസ് കൊല്‍ക്കത്ത എന്ന നാവികസേനാ കപ്പലുമായി വിമാനങ്ങള്‍ ആശയവിനിമയം നടത്തിയിരുന്നു. ഫ്രാന്‍സിലെ ദസോ ഏവിയേഷനില്‍നിന്ന് ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണമാണ് ഇന്ന് എത്തിയത്.

യാത്രക്കിടെ ഫ്രാന്‍സിന്റെ ടാങ്കര്‍ വിമാനങ്ങളില്‍ നിന്ന് ആകാശത്തുവെച്ച് ഇന്ധനം നിറച്ചിരുന്നു. അകമ്പടിയായി എത്തിയ ഒരു ടാങ്കര്‍ വിമാനത്തില്‍ 70 വെന്റിലേറ്ററുകളും ഒരുലക്ഷത്തോളം കോവിഡ് ടെസ്റ്റിങ് കിറ്റുകളും 10 ആരോഗ്യ വിദഗ്ദ്ധരും ഫ്രാന്‍സില്‍ നിന്നെത്തിയിട്ടുണ്ട്. വിമാനങ്ങള്‍ എത്തുന്നതിനോട് അനുബന്ധിച്ച് ഹരിയാനയിലെ അംബാല വ്യോമസേനാതാവളത്തിന് സമീപപ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.