രമ്യ ഹരിദാസിനെതിരെ രാഷ്ട്രീയ പരാമര്‍ശം മാത്രമാണ് നടത്തിയതെന്ന് ആവര്‍ത്തിച്ച് വിജയരാഘവന്‍

രമ്യ ഹരിദാസിനെതിരായി താന് നടത്തിയത് രാഷ്ട്രീയ പരാമര്ശം മാത്രമാണ്. എ കെ ബാലന് തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ലെന്നും വിജയരാഘവന് പറഞ്ഞു.
 

തൃശൂര്‍: നിയുക്ത ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിനെതിരെ രാഷ്ട്രീയ പരാമര്‍ശം മാത്രമാണ് നടത്തിയതെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മന്ത്രി എ.കെ ബാലന്‍ വിജയരാഘവനെതിരെ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍. എന്താണ് എ കെ ബാലന്‍ അത്തരമൊരു പരാമര്‍ശം നടത്താന്‍ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. രമ്യ ഹരിദാസിനെതിരായി താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രമാണ്. എ കെ ബാലന്‍ തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

വിജയരാഘവന്‍ രമ്യക്കെതിരെ നടത്തിയ പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം. എന്നാല്‍ പ്രസ്താവന രമ്യയെ ഏതെങ്കിലും രൂപത്തില്‍ അപമാനിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് നടത്തിയതല്ലെന്നും നേരത്തെ എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു. പരാജയത്തിന്റെ കാരണം പാര്‍ട്ടി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ അപ്രതീക്ഷിത തോല്‍വിയായിരുന്നു ആലത്തൂരിലെ സിറ്റിംഗ് എംപി പികെ ബിജുവിന്റേത്.

ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പി.കെ ബിജുവിനെ അട്ടിമറിച്ച രമ്യ ഹരിദാസ് യു.ഡി.എഫ് നേതൃത്വം പോലും വിചാരിക്കാത്ത വിജയമാണ് സ്വന്തമാക്കിയത്. രമ്യാ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനറുടെ പരാമര്‍ശം പി.കെ ബിജുവിന്റെ തോല്‍വിക്ക് കാരണമായെന്ന് പരോക്ഷമായി കുറ്റപ്പെടുത്തുന്ന പ്രസ്താവനയാണ് മന്ത്രി എ.കെ ബാലന്‍ നേരത്തെ നടത്തിയത്.