അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി 14-ാം തിയതിയിലേക്ക് മാറ്റി.
 

കൊച്ചി: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി 14-ാം തിയതിയിലേക്ക് മാറ്റി. രണ്ട് പേരുടെയും ജാമ്യഹര്‍ജികള്‍ ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസിന്റെയും സര്‍ക്കാരിന്റെയും വിശദീകരണം വേണമെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പേരെയും കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് ശ്രമങ്ങള്‍ ആരംഭിച്ചു.

തങ്ങള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും പോലീസിന്റെ കൈവശമില്ലെന്ന് ഹര്‍ജിയില്‍ ഇരുവരും പറഞ്ഞു. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും നിയമവിദ്യാര്‍ത്ഥിയാണെന്നും അലന്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് തന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള രേഖയല്ല അതെന്നും അലന്‍ വ്യക്തമാക്കി.

കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെക്കൊണ്ട് പോലീസാണ് മാവോയിസ്റ്റ് മുദ്രാവാക്യം വിളിപ്പിച്ചതെന്നാണ് താഹ ഹര്‍ജിയില്‍ പറയുന്നത്. മുദ്രാവാക്യം വിളിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല. കീഴ്‌ക്കോടതിയും തങ്ങള്‍ക്കെതിരെ കുറ്റമുണ്ടെന്ന് പറഞ്ഞിട്ടില്ല. താന്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണെന്നും പുസ്തകങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കില്‍ അത് മാവോയിസ്റ്റ് സംഘടനയിലെ അംഗത്വത്തിന് തെളിവല്ലെന്നും താഹ അപേക്ഷയില്‍ പറയുന്നു.