പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിയില്‍ പ്രതിഷേധിച്ച യുവതിക്കെതിരെ കേസ്

എറണാകുളം, കലൂര് പാവക്കുളം ക്ഷേത്രത്തില് നടന്ന പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിയില് പ്രതിഷേധിച്ച യുവതിക്കെതിരെ കേസ്.
 

കൊച്ചി: എറണാകുളം, കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ നടന്ന പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിയില്‍ പ്രതിഷേധിച്ച യുവതിക്കെതിരെ കേസ്. എറണാകുളം നോര്‍ത്ത് പോലീസാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയിലാണ് നടപടിയെന്ന് പോലീസ് വിശദീകരിക്കുന്നു. സംഘപരിവാര്‍ പരിപാടിക്കിടെ പ്രതിഷേധിച്ച യുവതിയെ മറ്റു സ്ത്രീകള്‍ കയ്യേറ്റം ചെയ്യുകയും കൊലവിളി മുഴക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.

ഐപിസി 447 പ്രകാരം അതിക്രമിച്ച് കയറിയതിനാണ് കേസ്. കേസ് വനിതാ സ്റ്റേഷന് കൈമാറി. മാതൃസംഗമം പരിപാടിയായിരുന്നു പൗരത്വ നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ നടത്തിയത്. ഇതിനെതിരെ രംഗത്തെത്തിയ യുവതിയെ മറ്റു സ്ത്രീകള്‍ ചേര്‍ന്ന് തള്ളിപ്പുറത്താക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിനിടയില്‍ നിയമത്തെ അനുകൂലിക്കുന്നതും കുറി തൊടുന്നതും തന്റെ രണ്ട് പെണ്‍മക്കളെ കാക്ക കൊത്തിക്കൊണ്ടു പോകാതിരിക്കാനാണെന്ന് ഒരു സ്ത്രീ വിളിച്ചു പറയുന്നുണ്ടായിരുന്നു.

പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെ അര്‍ബന്‍ നക്‌സലൈറ്റ് എന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വിശേഷിപ്പിക്കുന്നത്. പരിപാടി അലങ്കോലപ്പെടുത്താനാണ് ഇവര്‍ എത്തിയതെന്ന വാദവും സംഘപരിവാര്‍ ഉന്നയിക്കുന്നുണ്ട്.

Posted by Akhilesh VT Kottakkal on Wednesday, January 22, 2020