ചരിത്രനേട്ടവുമായി കേരളം; ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തു

മുഖ്യമന്ത്രിയെ കൂടാതെ ധനകാര്യമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം എന്നിവരും ചടങ്ങില് പങ്കെടുത്തു.
 

ലണ്ടന്‍: ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ച്ചേഞ്ചിന്റെ ഔദ്യോഗിക ക്ഷണം പ്രകാരമാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി ലണ്ടന്‍ ഓഹരി വിപണയിലെ വ്യാപാരം ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ബ്രിട്ടനുമായി സാമ്പത്തിക മേഖലയില്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ ഇതോടെ സാധിക്കുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയെ കൂടാതെ ധനകാര്യമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നേരത്തെ ദേശീയപാതാ അതോറിറ്റിയും എന്‍.റ്റി.പി.സി.യും ബോണ്ടുകള്‍ പുറപ്പെടുവിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ഗരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു പരിപാടിയിലേക്ക് ക്ഷണിക്കപ്പെടുന്നത്. ലണ്ടന്‍ ഓഹരിവിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി ഇതോടെ കിഫ്ബിക്ക് സ്വന്തമാകും. കിഫ്ബിയുടെ മസാല ബോണ്ടുകളും ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു.

അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ലണ്ടന്‍ ഓഹരിവിപണിയില്‍ കിഫ്ബിയുടെ ഓഹരി ലിസ്റ്റ് ചെയ്തത്. ഇതിന് ശേഷം കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ്തല ഉദ്ഘാടനവും നടക്കും.

allowfullscreen