കൊറോണ മരണങ്ങള്‍ 11,000 കവിഞ്ഞു; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 627 മരണം

ലോകമൊട്ടാകെ കോവിഡ് 19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 11,000 കവിഞ്ഞു.
 

ന്യൂഡല്‍ഹി: ലോകമൊട്ടാകെ കോവിഡ് 19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 11,000 കവിഞ്ഞു. ഇതുവരെ 11,383 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍ വെള്ളിയാഴ്ച മാത്രം 627 പേര്‍ മരിച്ചു. 24 മണിക്കൂറില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നിരക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

4023 പേരാണ് ഇറ്റലിയില്‍ ഇതുവരെ രോഗബാധയെത്തുടര്‍ന്ന് മരിച്ചിരിക്കുന്നത്. ഇതോടെ മരണസംഖ്യയില്‍ ഇറ്റലി ചൈനയെ മറികടന്നിരിക്കുകയാണ്. യൂറോപ്പില്‍ മാത്രം 5000ലധികം ആളുകള്‍ കോവിഡ് രോഗത്തെത്തുടര്‍ന്ന് മരിച്ചിട്ടുണ്ട്. ജര്‍മനി, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

സ്‌പെയിനില്‍ 1000പേരിലേറെ മരിച്ചു. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 ലോകത്താകമാനം 260,000 ആളുകളെ ബാധിച്ചിട്ടുണ്ട്. 166 രാജ്യങ്ങളില്‍ രോഗബാധയുണ്ടായി. രോഗബാധ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍ോണിയോ ഗുട്ടറസ് അറിയിച്ചു.