കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി; രോഗബാധിതരുടെ എണ്ണം 17,000 കടന്നു

25 രാജ്യങ്ങളില് റിപ്പോര്ട്ട് ചെയ്ത കൊറോണ വൈറസ് ബാധയില് മരിച്ചവരുടെ എണ്ണം 361 ആയി ഉയര്ന്നു.
 

ബെയ്ജിങ്: 25 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 361 ആയി ഉയര്‍ന്നു. ചൈനയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ രോഗം ബാധിച്ച് മരിച്ചത്. ചൈനയ്ക്ക് പുറത്ത് ആദ്യ മരണം ഇന്നലെ ഫിലിപ്പൈന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2829 പേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 17,205 ആയി ഉയര്‍ന്നു.

ഇന്ത്യയിലെ രണ്ടാമത്തെ സംഭവം ആലപ്പുഴയില്‍ ഇന്നലെ സ്ഥിരീകരിച്ചു. രോഗി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ രണ്ട് പേര്‍ക്ക് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചു. ആദ്യം രോഗബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ലോകമൊട്ടാകെ 9,618 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ 478 ആളുകളുടെ നില ഗുരുതരമാണ്.

രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. വൈറസ് ബാധ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വുഹാനില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള വെന്‍ഷൂ നഗരം കൂടി ചൈനീസ് സര്‍ക്കാര്‍ അടച്ചു. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് വെന്‍ഷൂ. ഷെജിയാങ്ങില്‍ 661 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 265-ഉം വെന്‍ഷൂവിലാണ്.