കോവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തില്‍ എത്തും; ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് മൂന്നര ലക്ഷം പേര്‍

സംസ്ഥാനത്ത് കോവിഡ് വാക്സിന് ഇന്നെത്തും
 

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ഇന്നെത്തും. രാവിലെ 11 മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് ആദ്യ ബാച്ച് എത്തുന്നത്. വാക്‌സിന്‍ പ്രത്യേക ശീതീകരണ സംവിധാനമുള്ള വാഹനത്തില്‍ റീജിയണല്‍ സ്റ്റോറിലേക്ക് മാറ്റും. 4,35,500 ഡോസാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 1,80,000 ഡോസുകളാണ് കൊച്ചിയില്‍ എത്തുന്നത്.

തിരുവനന്തപുരത്തേക്ക് 1,34,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും എത്തിക്കും. തിരുവനന്തപുരത്തേക്കുള്ള ബാച്ച് വൈകിട്ട് 6 മണിയോടെ എത്തിക്കുമെന്നാണ് വിവരം. ഇത് 14-ാം തിയതി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് എത്തിക്കും. തിരുവനന്തപുരത്തെ വിതരണ കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച വാക്‌സിന്‍ എത്തും.

മാഹിയിലേക്കുള്ള 1100 ഡോസും കേരളത്തിന് അനുവദിച്ച വാക്‌സിനൊപ്പമായിരിക്കും എത്തുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ വിതരണത്തിനായി 113 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 3,59,549 പേരാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.