ശബരിമലയില്‍ നിലപാട് മയപ്പെടുത്താന്‍ സിപിഎം തീരുമാനം; വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തരുത്

സിപിഎം ശബരിമല നിലപാടില് ഇളവ് വരുത്തുന്നു.
 

തിരുവനന്തപുരം: സിപിഎം ശബരിമല നിലപാടില്‍ ഇളവ് വരുത്തുന്നു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തരുതെന്നും കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവാദ നിലപാടുകള്‍ എടുത്ത് വിശ്വാസികളായ പാര്‍ട്ടി അനുഭാവികളെ അകറ്റരുത് എന്നിങ്ങനെയാണ് പുതിയ നിലപാട്.

വിശ്വാസകാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പാലക്കാട് പ്ലീനത്തില്‍ തീരുമാനം എടുത്തിരുന്നു. ബിജെപിയുടെ കടന്നുകയറ്റം ചെറുക്കുന്നതിന്റെ ഭാഗമായാണ് നിലപാടില്‍ ഇളവുകള്‍ വരുത്താന്‍ പാര്‍ട്ടി തീരുമാനിക്കുന്നതെന്നാണ് സൂചന. ശബരിമല വിഷയമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ മുന്‍കയ്യെടുക്കേണ്ടതില്ലെന്നും പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ സജീവമാകണമെന്നും സിപിഎം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റുതിരുത്തല്‍ രേഖയില്‍ ഇത് ഉള്‍ക്കൊള്ളിക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.