ആക്രി പെറുക്കിയും കല്ലു ചുമന്നും ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്‌ഐ സമാഹരിച്ചത് 11 കോടിയോളം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി റീസൈക്കിള് കേരളയിലൂടെ ഡിവൈഎഫ്ഐ സമാഹരിച്ചത് 11 കോടിയോളം രൂപ.
 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി റീസൈക്കിള്‍ കേരളയിലൂടെ ഡിവൈഎഫ്‌ഐ സമാഹരിച്ചത് 11 കോടിയോളം രൂപ. കോവിഡ് ദുരിതാശ്വാസത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മഴക്കാല ശുചീകരണത്തിനുമായാണ് റീസൈക്കിള്‍ കേരള ധനസമാഹരണം പ്രഖ്യാപിച്ചത്. 10,95,86,537 രൂപയാണ് സമാഹരിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എ.റഹിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പൊതുജനങ്ങളില്‍ നിന്ന് അഭൂതപൂര്‍വ്വമായ പിന്തുണയാണ് റീസൈക്കിള്‍ കേരളയ്ക്ക് ലഭിച്ചതെന്നും റഹീം പറഞ്ഞു. ആക്രിവസ്തുക്കളും ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യവും ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് വില്‍പന നടത്തി. ആറര ടണ്ണോളം പ്ലാസ്റ്റിക് മാലിന്യമാണ് ജലാശയങ്ങളില്‍ നിന്ന് ശേഖരിച്ചത്.

1519 ടണ്‍ ഇരുമ്പ് മാലിന്യവും ശേഖരിച്ച് വില്‍പന നടത്തി. പച്ചക്കറികളും വളര്‍ത്തു മൃഗങ്ങളെയും സംഭാവന നല്‍കിയവരുണ്ട്. അനസ് എടത്തൊടിക, മുഹമ്മദ് റാഫി, സി.കെ വിനീത്, സഹല്‍ സി മുഹമ്മദ് എന്നിവരുടെ ജഴ്സി ലേലം ചെയ്ത് ലക്ഷങ്ങള്‍ സമാഹരിച്ചുവെന്നും റഹീം പറഞ്ഞു.