സ്വര്‍ണ്ണം എത്തിയത് ഡിപ്ലോമാറ്റിക് ബാഗില്‍; വി.മുരളീധരന്റെ വാദം തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം

സ്വര്ണ്ണക്കടത്ത് നടന്നത് ഡിപ്ലോമാറ്റിക് ബാഗേജില് അല്ലെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാദം തള്ളി ധനമന്ത്രാലയം.
 

സ്വര്‍ണ്ണക്കടത്ത് നടന്നത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാദം തള്ളി ധനമന്ത്രാലയം. സ്വര്‍ണ്ണം എത്തിയത് ഡിപ്ലോമാറ്റിക് ബാഗിലാണെന്ന് എംപിമാരായ ആന്റോ ആന്റണി, എന്‍.കെ.പ്രേമചന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. ഡിപ്ലോമാറ്റിക് ചാനലിലൂടെയാണ് സ്വര്‍ണ്ണക്കടത്ത് നടന്നതെന്ന കാര്യം മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്ന് എംപിമാര്‍ ചോദ്യമുന്നയിച്ചിരുന്നു.

2020 ജൂലൈയില്‍ കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണര്‍ ഓഫീസാണ് ഡിപ്ലോമാറ്റിക് ബാഗിലൂടെ നടക്കുന്ന സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന് വിവരം നല്‍കിയതെന്നും ബാഗ് പിടിച്ചെടുക്കാന്‍ വിദേശകാര്യ മന്ത്രാലയം തന്നെയാണ് അനുമതി നല്‍കിയതെന്നും മറുപടിയില്‍ ധനകാര്യ മന്ത്രാലയം അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് നടന്നത് ഡിപ്ലോമാറ്റിക് ബാഗിലൂടെയല്ലെന്നായിരുന്നു മന്ത്രി മുരളീധരന്‍ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വലിയ സ്വാധീനമുള്ള വ്യക്തിയാണ്. കൃത്യമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കേസിനെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു.