അവിനാശി അപകടം; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും; 20 ആംബുലന്‍സുകള്‍ അയച്ചു

അവിനാശി അപകടത്തില് പരിക്കേറ്റവരുടെ ചികിത്സാച്ചെലവുകള് സര്ക്കാര് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
 

തിരുവനന്തപുരം: അവിനാശി അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അപകട സ്ഥലത്തേക്ക് 20 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 10 കനിവ് 108 ആംബുലന്‍സുകളും 10 മറ്റ് ആംബുലന്‍സുകളുമാണ് അയച്ചിരിക്കുന്നത്. പരിക്കേറ്റവരെ കേരളത്തില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ എല്ലാവരും മലയാളികളാണെന്നാണ് നിഗമനം. ബസിലെ രണ്ട് ജീവനക്കാരും കൊല്ലപ്പെട്ടു. പരിക്കേറ്റവരെ അവിനാശിയിലും കോയമ്പത്തൂരിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്. അപകടത്തില്‍ മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി അപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് ഡജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 9497996977, 9497990090, 9497962891 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും പോലീസ് അറിയിച്ചു.