നിരോധനാജ്ഞ കൊണ്ട് ശബരിമലയില്‍ എന്തു ദോഷമാണുണ്ടായതെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ നടപടികളില്‍ സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി പരാമര്‍ശം. നിരോധനാജ്ഞ കൊണ്ട് എന്തു ദോഷമാണ് ഉണ്ടായതെന്ന് കോടതി ചോദിച്ചു. ശബരിമല നിരീക്ഷണ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന് അനുകൂലമായി കോടതി നിലപാടെടുത്തത്. വിശ്വാസികള്‍ക്ക് ശബരിമലയില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും ബുധനാഴ്ച മാത്രം 80,000 പേര് ശബരിമലയില്‍ എത്തിയെന്നും നിരീക്ഷണ സമിതി അറിയിച്ചിരുന്നു.
ഇക്കാര്യം കോടതി എടുത്തു പറഞ്ഞു. ശബരിമലയില്‍ വിശ്വാസികള്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലയ്ക്കലും പമ്പയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത് ഉള്‍പ്പെടെ ശബരിമലയിലെ സാഹചര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയാണ് നിരീക്ഷണ സമിതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ നേരത്തേ സര്‍ക്കാരിനെ വാക്കാല്‍ വിമര്‍ശിച്ചിട്ടുള്ള കോടതി തന്നെയാണ് നിരീക്ഷണത്തിനായി മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്.
ശബരിമല സന്ദര്‍ശിച്ച ശേഷം സമിതി എല്ലാം സുഗമമായി മുന്നോട്ട് പോകുന്നുവെന്നാണ് കോടതിയെ അറിയിച്ചത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു വേണ്ടി എഡിഎം സത്യവാങ്മൂലം നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും സുരക്ഷയൊരുക്കുന്നതിനും ക്രമസമാധാനപാലനത്തിനും വേണ്ടിയാണ് നിരോധനാജ്ഞ എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിരോധനാജ്ഞമൂലം അയ്യപ്പന്‍മാര്‍ക്കോ അവരുടെ വാഹനങ്ങള്‍ക്കോ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ആരുടെയും ആരാധനാ സ്വാതന്ത്ര്യത്തെ നിരോധനാജ്ഞ ബാധിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.