ഇന്ത്യയിലേക്കുള്ള എസി ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം

രാജ്യത്തേക്ക് എസി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കേന്ദ്രം.
 

ന്യൂഡല്‍ഹി: രാജ്യത്തേക്ക് എസി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കേന്ദ്രം. റഫ്രിജറന്റ് ഉള്ള എയര്‍ കണ്ടീഷണറുകളുടെ ഇറക്കുമതിയാണ് നിരോധിച്ചിരിക്കുന്നത്. സ്പ്ലിറ്റ് എസി സിസ്റ്റങ്ങള്‍ക്കും ഇറക്കുമതി നിരോധനമുണ്ട്. വിദേശ വ്യാപാര ഡയറക്ടര്‍ ജനറലാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

സ്വതന്ത്ര വ്യാപാരം സാധ്യമായിരുന്ന ഈ ഉത്പന്നങ്ങളെ നിരോധിത പട്ടികയിലേക്ക് മാറ്റി. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഇതിന് അനുമതി നല്‍കിയത്. ചൈനയില്‍ നിന്നാണ് രാജ്യത്തേക്കുള്ള എസി ഇറക്കുമതിയില്‍ ഏറിയ പങ്കും നടക്കുന്നത്. ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

600 കോടി ഡോളര്‍ മൂല്യമുള്ള വിപണിയിലാണ് സമ്പൂര്‍ണ്ണ ഇറക്കുമതി ഏര്‍പ്പെടുത്തുന്നത്. നേരത്തേ ചില ടിവികളുടെ ഇറക്കുമതിക്കും നിരോധനം കൊണ്ടുവന്നിരുന്നു. ചൈനയുമായി തുടര്‍ന്നു വരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.