ഓഫീസില്‍ ഡ്യൂട്ടിക്ക് വരാന്‍ പണമില്ല; ഒരാഴ്ച കൂലിപ്പണിക്ക് പോകാന്‍ ലീവ് അപേക്ഷയുമായി ജയ് ഹിന്ദ് ക്യാമറാമാന്
ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കൂലിപ്പണിക്ക് പോകാന്‍ ലീവ് ആവശ്യപ്പെട്ട് ജയ് ഹിന്ദ് ടിവി സീനിയര്‍ ക്യാമറാമാന്. രണ്ട് മാസമായി ശമ്പളം കിട്ടാത്തതിനാല്‍ പണമില്ലെന്നും കൂലിപ്പണിക്ക് പോകാന്‍ ലീവ് വേണമെന്നും ആവശ്യപ്പെട്ട് എച്ച്ആര്‍ മാനേജര്‍ക്ക് എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പേരു മറച്ച് പുറത്തു വന്ന കത്ത് ചാനലിലെ ജീവനക്കാരുടെ അസംതൃപ്തിയാണ് വെളിവാക്കുന്നത്.
കത്തില്‍ പറയുന്നത് ഇങ്ങനെ
‘ഞാന്‍……സീനിയര്‍ ക്യാമറാമാന്, അമ്മയും ഭാര്യയും ഒരു മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഈ കഴിഞ്ഞ 60 ദിവസമായി ശമ്പളം കിട്ടാത്തതിനാല്‍ ഭക്ഷണം വാങ്ങാന്‍ പോയിട്ട് അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ കൂടി നിവൃത്തിയില്ല. അതിനോടൊപ്പം ഓഫീസില്‍ ഡ്യൂട്ടിക്ക് വരുന്നതിനായി യാത്രയ്ക്കുള്ള പെട്രോളിനും കൂടി ചേര്‍ത്ത് രൂപ കണ്ടെത്തുന്നതിനായി ഒരാഴ്ചത്തെ(2-11-2020 to 7-11-2020 തിങ്കള്‍-ശനി) കൂലിപ്പണി (പെയിന്റിങ്ങ്) ചെയ്യാന്‍ പോകാന്‍ ലീവ് അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു”.
നേരത്തേ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ചാനല്‍ മാനേജ്മെന്റ് തീരുമാനിച്ചത് വിവാദമായിരുന്നു. പല മാധ്യമ സ്ഥാപനങ്ങളിളും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.