കോവിഡ് സാമ്പത്തിക പ്രതിസന്ധി; ജയ്ഹിന്ദ് ടിവി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു

കോണ്ഗ്രസ് ടിവി ചാനലായ ജയ്ഹിന്ദ് ടിവി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു.
 

തിരുവനന്തപുരം: കോണ്‍ഗ്രസ് ടിവി ചാനലായ ജയ്ഹിന്ദ് ടിവി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. 30 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് ശമ്പളത്തില്‍ കുറവു വരുത്തിയിരിക്കുന്നതെന്ന് ചാനലിന്റെ ഉടമയായ ഭാരത് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും കോണ്‍ഗ്രസ് നേതാവുമായ എം.എം.ഹസന്‍ ജീവനക്കാര്‍ക്കായി പുറത്തിറക്കിയ ഓഫീസ് ഓര്‍ഡറില്‍ പറയുന്നു.

10000 രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ക്ക് 30 ശതമാനവും 15,000 രൂപ വരെയുള്ളവര്‍ക്ക് 35 ശതമാനവും 30,000 രൂപ വരെയുള്ളവര്‍ക്ക് 40 ശതമാനവും 30,000 രൂപയ്ക്ക് മേല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് 50 ശതമാനവുമാണ് കുറവ് വരുത്തിയിരിക്കുന്നത്. 10,000 രൂപ ശമ്പളമുള്ളവര്‍ക്ക് ഇതേത്തുടര്‍ന്ന് 7000 രൂപ മാത്രമായിരിക്കും ലഭിക്കുക.

പ്രൊഫഷണല്‍ ഫീസ്, അവതാരകര്‍ക്കുള്ള പ്രതിഫലം തുടങ്ങിയവയും വെട്ടിക്കുറച്ചു. മാര്‍ക്കറ്റിംഗ് വിഭാഗത്തിലുള്ളവര്‍ക്കൊഴികെ യാത്രാച്ചെലവ് നല്‍കില്ല. ഡല്‍ഹി പോലെയുള്ള ബ്യൂറോകളില്‍ നല്‍കി വരുന്ന മെട്രോ അലവന്‍സിലും കുറവ് വരുത്തിയിട്ടുണ്ട്.

നിലവിലുള്ള സാഹചര്യം സാമ്പത്തികമേഖലയില്‍ വരുത്തിയ പ്രത്യാഘാതം മൂലം പരസ്യ വരുമാനത്തില്‍ ഉണ്ടായ കുറവ് കമ്പനിയെ സാരമായി ബാധിച്ചിരിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ചെലവു ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വന്നിരിക്കുകയാണെന്നുമാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്.

സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം മാറ്റിവെക്കുമെന്ന ഉത്തരവിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പാര്‍ട്ടി ചാനലില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ഉത്തരവ് കത്തിച്ചാണ് പ്രതിഷേധിച്ചത്.

മാധ്യമസ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി ശനിയാഴ്ച പറഞ്ഞിരുന്നു.