കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്
കോട്ടയം: കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്. ഇന്നു രാവിലെ 10.30നു കോട്ടയത്തു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടി ചെയര്മാന് കെ.എം. മാണി അധ്യക്ഷത വഹിക്കും. വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ്, ഡപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസ്, എംപിമാര്‍, എംഎല്‍എമാര്‍, സംസ്ഥാന ഭാരവാഹികള്‍, പോഷക സംഘടനാ പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
പി.സി. ജോര്‍ജിനെതിരേയുള്ള അച്ചടക്ക നടപടി, റബര്‍ വിലത്തകര്‍ച്ച, കസ്തൂരിരംഗന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കസ്തൂരി രംഗന് റിപ്പോര്‍ട്ടിലെ പുതിയ സംഭവവികാസങ്ങളും റബര്‍ സബ്സിഡി കര്ഷകരിലേക്കെത്തുന്നതുള്പ്പെടെയുള്ള വിഷയങ്ങളിലും ചര്‍ച്ച നടക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സീറ്റു നിര്‍ണയത്തില്‍ മുന്‍കൂട്ടി പാര്‍ട്ടി നിലപാട് ഉണ്ടാകണമെന്നതും പി.സി. ജോര്‍ജിനെതിരെ ഉന്നതാധികാരസമിതി എടുത്ത തീരുമാനവും ചര്‍ച്ചചെയ്യും.