നീനുവിനെതിരായ പിതാവിന്റെ വാദങ്ങള്‍ പൊളിയുന്നു; തെളിവുകള്‍ക്കായി വീട്ടിലെത്തിയ ചാക്കോയെ കൂക്കിവിളിച്ച് നാട്ടുകാര്‍
കോട്ടയം: കെവിന് ജോസഫിന്റെ ഭാര്യ നീനുവിനെതിരായ പിതാവിന്റെ വാദങ്ങള്‍ പൊളിയുന്നു. നീനുവിന് മാനസികരോഗമാണെന്ന് പിതാവ് ചാക്കോ ആരോപിച്ചിരുന്നു. ഇത് തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കാമെന്നും ചാക്കോ കോടതിയില്‍ പറഞ്ഞിരുന്നു. ചാക്കോയെ വീട്ടിലെത്തിച്ച് രേഖകള്‍ കൊണ്ടുവരാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍നിന്ന് രേഖകളൊന്നും തന്നെ കണ്ടെടുക്കാന്‍ ചാക്കോയ്ക്ക് കഴിഞ്ഞില്ല.
അതേസമയം രേഖകള്‍ കണ്ടെടുക്കുന്നതിനായി ചാക്കോ വീട്ടിലെത്തുന്ന കാര്യം അറിഞ്ഞ് നിരവധി പ്രദേശവാസികള്‍ സ്ഥലത്തെത്തിയിരുന്നു. ചാക്കോയെ കൂക്കിവിളിച്ചാണ് നാട്ടുകാര്‍ സ്വീകരിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂക്കിവിളിക്കുകയും ചിലര്‍ അസഭ്യം പറയുകയും ചെയ്തു. കനത്ത പോലീസ് സംരക്ഷണത്തിലായിരുന്നു ചാക്കോയെ കൊണ്ടുവന്നത്. നാട്ടുകാര്‍ ചാക്കോയെ അക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.
വീട്ടില്‍ നിന്ന് രേഖകള്‍ ലഭിക്കാതിരുന്നതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി രേഖകള്‍ സംഘടിപ്പിക്കാനാവും ഇനി ചാക്കോ ശ്രമിക്കുക. ഇതിനായി അഭിഭാഷകനെ ചുമതലപ്പെടുത്താനും സാധ്യതയുണ്ട്. കെവിന് ജോസഫ് കൊലപാതകത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയില്‍ ചാക്കോയ്ക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. മകനുമായി കെവിനെ അപായപ്പെടുത്തുന്ന കാര്യം നേരത്തെ ചര്‍ച്ച ചെയ്തിരുന്നതായും പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.