ഡോക്ടറെ കുറ്റപ്പെടുത്തി റിപ്പോര്‍ട്ട്; ശ്രീറാം കേസില്‍ പോലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിച്ച സംഭവത്തില് തിരുവനന്തപുരം ജനറല് ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്ട്ട് നല്കിയ പോലീസിനെതിരെ ഡോക്ടര്മാരുടെ സംഘടന.
 

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിച്ച സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയ പോലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ആണ് പോലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പോലീസിന് സംഭവിച്ച് വീഴ്ച ഡോക്ടറുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്ന് സംഘടന ആരോപിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും സംഘടന വ്യ്ക്തമാക്കി.

പോലീസ് രേഖാമൂലം എഴുതി ആവശ്യപ്പെട്ടാല്‍ മാത്രമേ രക്തപരിശോധന ചെയ്യാനാകൂ. പോലീസ് ആവശ്യപ്പെടാത്തതിനാലാണ് രക്തപരിശോധന നടത്താതിരുന്നത്. മദ്യത്തിന്റെ മണമുണ്ടെന്ന് ഒപി ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ഡോക്ടര്‍ ചെയ്തിട്ടുണ്ട്. രക്തപരിശോധനയ്ക്ക് വാക്കാല്‍ ആവശ്യപ്പെട്ടുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ വാക്കാല്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും സംഘടന അറിയിക്കുന്നു.

ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തപരിശോധനയ്ക്ക് തയ്യാറായില്ലെന്നായിരുന്നു പോലീസ് വാദം. എന്നാല്‍ ക്രൈം നമ്പര്‍ പോലും രേഖപ്പെടുത്താതെയാണ് ശ്രീറാമിനെ കൊണ്ടുവന്നതെന്നും രക്തപരിശോധന നടത്താന്‍ പോലീസ് ആവശ്യപ്പെട്ടില്ലെന്നും ഡോക്ടര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.