ബിജെപി സമരപ്പന്തലില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപി സമരപ്പന്തലില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലാണ് മരിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഇയാള്‍ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാല്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നു. ബിജെപി നേതാവ് സി.കെ.പദ്മനാഭനാണ് ഇപ്പോള്‍ നിരാഹാര സമരം അനുഷ്ഠിക്കുന്നത്. സമരപ്പന്തലില്‍ സി.കെ.പദ്മനാഭനൊപ്പം 70 ഓളം പ്രവര്‍ത്തകരും ഉണ്ടായിരുന്നു.
വേണുഗോപാല്‍ ദേഹത്ത് പെട്രോള്‍ ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പോലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിലേക്ക് ഓടുകയായിരുന്നു. പോലീസും പന്തലിലുണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു.