മണിപ്പൂര്‍ സ്വദേശിനിയെ കൊറോണയെന്ന് വിളിച്ച് മുഖത്ത് തുപ്പി; ഡല്‍ഹിയില്‍ യുവാവ് അറസ്റ്റില്‍

മണിപ്പൂര് സ്വദേശിനിയായ യുവതിയെ കൊറോണയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത യുവാവ് ഡല്ഹിയില് അറസ്റ്റില്
 

ന്യൂഡല്‍ഹി: മണിപ്പൂര്‍ സ്വദേശിനിയായ യുവതിയെ കൊറോണയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത യുവാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രി ജനതാ കര്‍ഫ്യൂ കഴിഞ്ഞതിന് ശേഷമായിരുന്നു സംഭവം. വിജയനഗറിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23കാരിയായ യുവതിയെ നാല്‍പതുകാരനായ യുവാവ് തടഞ്ഞു നിര്‍ത്തി അധിക്ഷേപിക്കുകയായിരുന്നു.

പിന്നാലെ ഇയാള്‍ ചവച്ചു കൊണ്ടിരുന്ന പാന്‍ യുവതിയുടെ മുഖത്തേക്ക് തുപ്പുകയും കൊറോണയെന്ന് വിളിക്കുകയും ചെയ്തു. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഡല്‍ഹി പോലീസ് നടപടിയെടുത്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെയുള്ള വംശീയാധിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.