തമിഴ്‌നാട് തീരത്ത് രണ്ടു ന്യൂനമര്‍ദ്ദങ്ങള്‍; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

മഴ ശക്തമാകാന് സാധ്യതയുള്ള എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
 

തിരുവനന്തപുരം: സംസ്ഥാനത്ത കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തമിഴ്‌നാട് തീരത്തെ രണ്ടു ന്യൂനമര്‍ദ്ദങ്ങള്‍ മൂലം തിങ്കളാഴ്ച മുതല്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ ശക്തമാകാന്‍ സാധ്യതയുള്ള എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

9 ജില്ലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണം തുടരുകയാണ്. ഫാനി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കടല്‍ പ്രക്ഷുബ്ധമാകുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ശ്രീലങ്കന്‍ തീരത്താണ് ന്യൂനമര്‍ദ്ദം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള പ്രദേശത്ത് നാളെയോടെ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. 36 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുന്ന ഇത് തമിഴ്‌നാട് തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് കാരണമാകും. കേരളത്തില്‍ ഫാനി ചുഴലിക്കാറ്റ് എത്തില്ലെങ്കിലും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.