നേതൃമാറ്റം അജണ്ടയിലില്ലെന്ന് രമേശ് ചെന്നിത്തല

നേതൃമാറ്റം ഇപ്പോൾ അജണ്ടയിലില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭരണത്തുടർച്ച ഉണ്ടാക്കാൻ ചില തെറ്റു തിരുത്തലുകളാണ് ഇപ്പോൾ വേണ്ടത്.
 

 

തിരുവനന്തപുരം: നേതൃമാറ്റം ഇപ്പോൾ അജണ്ടയിലില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭരണത്തുടർച്ച ഉണ്ടാക്കാൻ ചില തെറ്റു തിരുത്തലുകളാണ് ഇപ്പോൾ വേണ്ടത്. മുന്നണിയിൽ ഇത്തരം ഒരു ചിന്തയോ അഭിപ്രായമോ രൂപീകരിച്ചിട്ടില്ല. എല്ലാവരും തെറ്റുതിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാഭാവികമായ പിഴവുകളാണ് ഉണ്ടായിട്ടുള്ളത്. നടപാക്കിയ വികസനകാര്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ പാളിച്ച പറ്റി. ആത്മപരിശോധനയിലൂടെ ഇതെല്ലാം തിരുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബാറുടമ ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഐ ഗ്രൂപ്പ് നേതാക്കളുടെ പേരുകൾ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അത് ബിജു രമേശിനോട് ചോദിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

ബാർ കോഴക്കേസിൽ മന്ത്രിമാരായ കെ.എം മാണിക്കും കെ.ബാബുവിനും രണ്ട് നീതിയെന്ന പ്രചരണം ശരിയല്ല. പ്രാഥമിക അന്വേഷണത്തിൽ കുറ്റം നടന്നിട്ടുണ്ടെന്നതിന് എന്തെങ്കിലും തെളിവ് കിട്ടിയാൽ മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ. ആരോപണ് വിധേയരാവുന്ന എല്ലാവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് പ്രായോഗികമല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

കേസിൽ വിജിലൻസ് അന്വേഷണം ശരിയായ ദിശയിലാണെന്നും, മന്ത്രിയാണോ എന്നൊന്നും വിജിലൻസ് പരിഗണിക്കാറില്ലെന്നും ചെന്നിത്തല പറഞ്ഞു. ആരോപണങ്ങളുടെ നിജസ്ഥിതി വിജിലൻസ് പരിശോധിക്കുകയാണ്. ആരോപണം വരുമ്പോൾ സ്ഥാനമൊഴിയുന്നവരും ഒഴിയാത്തവരുമുണ്ടാകും. അതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. വിജിലൻസ് നടപടികൾ കോടതി പരിശോധനയ്ക്ക് വിധേയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബാർ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫിൽ നേതൃമാറ്റത്തിന് ഐ ഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെന്ന വാർത്തകൾക്കിടെയായിരുന്നു രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനം.