വിചാരണ കഴിയുന്നത് വരെ രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നത് വിലക്കി ഹൈക്കോടതി

രഹ്ന ഫാത്തിമ സോഷ്യല് മീഡിയയിലും മറ്റു മാധ്യമങ്ങളിലും അഭിപ്രായ പ്രകടനങ്ങള് നടത്തുന്നത് വിലക്കി ഹൈക്കോടതി.
 

കൊച്ചി: രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് വിലക്കി ഹൈക്കോടതി. സോഷ്യല്‍ മീഡിയയില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് ഇട്ടുവെന്ന കേസിലാണ് വിലക്ക്. ഗോമാതാ ഫ്രൈ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ രഹ്ന യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. ഇത് മതസ്പര്‍ദ്ദയുണ്ടാക്കുന്നതാണെന്നും ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കേസിലെ ജാമ്യവ്യവസ്ഥ ലംഘിക്കുന്നതാണെന്നും കാട്ടി സമര്‍പ്പിക്കപ്പെട്ട പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി.

ജാമ്യവ്യവസ്ഥയുടെ ലംഘനമാണ് വീഡിയോയിലെ പരാമര്‍ശങ്ങള്‍ എന്ന് കോടതി പറഞ്ഞു. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങള്‍ ഉണ്ടെങ്കിലും ഒരു അവസരം കൂടി രഹ്നയ്ക്ക് നല്‍കുകയാണെന്ന് ജസ്റ്റിസ് സുനില്‍ തോമസ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടാകരുതെന്ന് അവര്‍ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. 2 കേസുകളില്‍ അറസ്റ്റിലായതും ജോലി നഷ്ടപ്പെട്ടതും അവരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.

നിശ്ചിത ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയും ഹൈക്കോടതി ഏര്‍പ്പെടുത്തി. ഈ വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാകും. ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയില്‍ നേരത്തേ രഹ്നയെ അറസ്റ്റ് ചെയ്തിരുന്നു. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് രഹ്നയിട്ട ഫെയിസ്ബുക്ക് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.