പെരിയയില്‍ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച് റവന്യൂ മന്ത്രി
കാസര്‍കോട്: വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് സന്ദര്‍ശനം നടത്തി. സര്‍ക്കാരിനെ പ്രതിനിധീകരിച്ചായിരുന്നു സന്ദര്‍ശനം. രാവിലെ ഒമ്പതു മണിയോടെ കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടില്‍ മന്ത്രിയെത്തി. അതിനു ശേഷം ശരത്ലാലിന്റെ വീട്ടിലും മന്ത്രി സന്ദര്‍ശനം നടത്തി.
കൊലപാതകത്തെ ഏതെങ്കിലും പാര്‍ട്ടിയോ മുന്നണിയോ സര്‍ക്കാരോ ന്യായീകരിച്ചിട്ടില്ല. ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും വളരെ ദാരുണ സംഭവമായിപ്പോയെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയമായ തര്‍ക്കം ആളുകള്‍ തമ്മിലുള്ളപ്പോള്‍ അത് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നു. കൊലപാതകം എപ്പോഴും വ്യക്തികള്‍ ചേര്‍ന്നു നടക്കുന്ന സംഘട്ടനത്തിന്റെ ഭാഗമാകാം. അതുപോലും ഇവിടെ ഉണ്ടായിട്ടില്ല.
അക്രമത്തെത്തുടര്‍ന്നുണ്ടായ മരണമാണ്. കൊല്ലപ്പെട്ടവരും കൊല ചെയ്യപ്പെട്ടവരും രണ്ട് പ്രസ്ഥാനത്തിലായാല്‍ ബാക്കിയെല്ലാം വ്യാഖ്യാനിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയമായി ഇത്തരം കാര്യങ്ങള്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും ചന്ദ്രശേഖരന് പറഞ്ഞു.