അനധികൃതമായി പതിനായിരം രൂപ ഈടാക്കി; എസ്ബിഐ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ഉപഭോക്താവിന് പണം ലഭിക്കാത്ത സംഭവം സാങ്കേതിക തകരാറാണെന്ന് എസ്.ബി.ഐ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
 

ഹൈദരാബാദ്: അനധികൃതമായി ഉപഭോക്താവില്‍ നിന്നും പതിനായിരം രൂപ ഈടാക്കി സംഭവത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. ഉപഭോക്താവിനുണ്ടായി മാനസിക ബുദ്ധമുട്ട് കണക്കിലെടുത്ത് 90,000 രൂപയും കോടതി ചെലവ് ഇനത്തില്‍ 10,000 രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു.

ഉപഭോക്താവിന് പണം ലഭിക്കാത്ത സംഭവം സാങ്കേതിക തകരാറാണെന്ന് എസ്.ബി.ഐ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സ്റ്റേറ്റ് ബാങ്കിനോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് സാധിച്ചില്ല. ഇതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ മുപ്പത് ദിവസത്തിനകം തുക കൈമാറണമെന്നും സമയപരിധി പാലിച്ചില്ലെങ്കില്‍ എട്ടു ശതമാനം പലിശ നല്‍കണമെന്നും കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യായും തെളിവുകള്‍ സഹിതവും എസ്.ബി.ഐ വീഴ്ച വരുത്തിയെന്നും ഇത് പരാതിക്കാരന് മാനിസകമായ ബുദ്ധിമുട്ടിന് കാരണമായെന്നും കോടതി നിരീക്ഷിച്ചു.

2017 ജനുവരി 26 ന് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഹൈദരാബാദിലെ ഒരു എസ്.ബി.ഐ എ.ടി.എമ്മില്‍ ഉദാരു സര്‍വോത്തമ റെഡ്ഡി എന്നയാള്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ല. ഇരുപത് ദിവസങ്ങള്‍ക്കു ശേഷം ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് 10,000 രൂപ അപ്രത്യക്ഷമായി. ബാങ്കിനെ പരാതിയുമായി സമീപിച്ചിരുന്നെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.