സൗത്ത് ലൈവ് മോഡല്‍ ബ്രിട്ടനിലും, സാമ്രാജ്യത്വത്തെ അനുകൂലിച്ചെഴുതിയ ലേഖനത്തില്‍ പ്രതിഷേധിച്ച് കൂട്ടരാജി

സാമ്രാജ്യത്വത്തെയും കോളനിവല്ക്കരണത്തെയും ലോകത്തിന് ഗുണകരമായ കാര്യങ്ങളെന്ന് വ്യാഖ്യാനിച്ച ലേഖനത്തിന്റെ പേരില് ബ്രിട്ടീഷ് മാധ്യമത്തില് കൂട്ടരാജി. നടി ആക്രമിക്കപ്പെട്ട സംഭവത്തില് പ്രതി ചേര്ക്കപ്പെട്ട ദിലീപിനെ 'ഇരയായി' ചിത്രീകരിച്ച് വെള്ളപൂശുകയും സ്ത്രീവിരുദ്ധ പരാമര്ശങ്ങള് നടത്തുകയും ചെയ്ത ലേഖനത്തിന്റെ പേരില് ഓണ്ലൈന് പ്രസിദ്ധീകരണമായ സൗത്ത് ലൈവില് ഉണ്ടായ കൂട്ടരാജിക്ക് സമാനമാണ് ബ്രിട്ടീഷ് മാധ്യമത്തിലും സംഭവിച്ചത്. തേഡ് വേള്ഡ് ക്വാര്ട്ടേര്ലി എന്ന ജേണലില് നിന്നാണ് കേസ് ഫോര് കൊളോണിയലിസം എന്ന ലേഖനത്തില് വിയോജിപ്പ് പരസ്യപ്പെടുത്തി എഡിറ്റോറിയല് ടീം ഒന്നടങ്കം രാജി വച്ചത്.
 

സാമ്രാജ്യത്വത്തെയും കോളനിവല്‍ക്കരണത്തെയും ലോകത്തിന് ഗുണകരമായ കാര്യങ്ങളെന്ന് വ്യാഖ്യാനിച്ച ലേഖനത്തിന്റെ പേരില്‍ ബ്രിട്ടീഷ് മാധ്യമത്തില്‍ കൂട്ടരാജി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ ‘ഇരയായി’ ചിത്രീകരിച്ച് വെള്ളപൂശുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത ലേഖനത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ സൗത്ത് ലൈവില്‍ ഉണ്ടായ കൂട്ടരാജിക്ക് സമാനമാണ് ബ്രിട്ടീഷ് മാധ്യമത്തിലും സംഭവിച്ചത്. തേഡ് വേള്‍ഡ് ക്വാര്‍ട്ടേര്‍ലി എന്ന ജേണലില്‍ നിന്നാണ് കേസ് ഫോര്‍ കൊളോണിയലിസം എന്ന ലേഖനത്തില്‍ വിയോജിപ്പ് പരസ്യപ്പെടുത്തി എഡിറ്റോറിയല്‍ ടീം ഒന്നടങ്കം രാജി വച്ചത്.

ദ കേസ് ഫോര്‍ കൊളോണിയലിസം എന്ന പേരില്‍ ബ്രൂസ് ഗില്ലി എഴുതിയ ലേഖനത്തിലെ വീക്ഷണത്തോടും സാമ്രാജ്യത്വ അനുകൂല നിലപാടിനോടും കടുത്ത വിയോജിപ്പ് അറിയിക്കുന്നുവെന്നും എഡിറ്റോറിയല്‍ ടീമിനെ മുഖവിലയ്‌ക്കെടുക്കാതെയാണ് മാനേജ്‌മെന്റ് ലേഖനം പ്രസിദ്ധീകരിച്ചതെന്നും രാജി വച്ച എഡിറ്റോറിയല്‍ ടീം പ്രസ്താവനയില്‍ വിശദീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ, ഇന്‍സൈഡ് ഹൈയര്‍ എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉയരണം’ എന്ന തലക്കെട്ടിലായിരുന്നു ദിലീപിന് വേണ്ടി ശക്തമായി വാദിച്ചുള്ള ഡോ. സെബാസ്റ്റിയന്‍ പോളിന്റെ സൗത്ത് ലൈവില്‍ പ്രസിദ്ധീകരിച്ച ലേഖനം. മഞ്ജു വാര്യര്‍, ദീദി ദാമോദരന്‍ എന്നിവരെ വ്യക്തിപരമായി അധിക്ഷേപിച്ചും ബലാല്‍സംഗം ചെയ്ത ആളുടെ ഉദ്ദേശ്യം അന്വേഷിക്കേണ്ടതില്ല എന്ന വിചിത്രവാദം ഉയര്‍ത്തിയുമായിരുന്നു ലേഖനം. എന്‍ എസ് മാധവന്‍, ബി ആര്‍ പി ഭാസ്‌കര്‍, ഷാഹിന നഫീസ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ലേഖനത്തെ എതിര്‍ത്ത് രംഗത്തെത്തി. ചീഫ് എഡിറ്റര്‍ എഴുതിയ ലേഖനത്തിനെതിരെ എഡിറ്റോറിയല്‍ ടീം ഒന്നടങ്കം രംഗത്ത് വന്നപ്പോള്‍ ലേഖനത്തെ എതിര്‍ക്കുന്നവരോട് പിരിഞ്ഞുപോകാന്‍ ഡോ. സെബാസ്റ്റിയന്‍ പോളും സൗത്ത് ലൈവ് മാനേജ്‌മെന്റും ആവശ്യപ്പെടുകയായിരുന്നു.

പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് വിശദീകരിച്ച് എഡിറ്റര്‍മാര്‍ രണ്ട് തവണ തിരിച്ചയച്ചിട്ടും ലേഖനം പ്രസിദ്ധീകരിക്കാന്‍ തേഡ് വേള്‍ഡ് ക്വാര്‍ട്ടേര്‍ലി മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. സാമ്രാജ്യത്വത്തിന്റെയും കോളനിവല്‍ക്കരണത്തിന്റെയും ഭാഗമായുള്ള ജനാധിപത്യ ധ്വംസനവും ഹിംസയും അടിച്ചമര്‍ത്തലും പരാമര്‍ശിക്കാതെ 40 വര്‍ഷമായി തേഡ് വേള്‍ഡ് ക്വാര്‍ട്ടേര്‍ലി പുലര്‍ത്തുന്ന പത്രാധിപ നയം അട്ടിമറിച്ചായിരുന്നു ലേഖനം. സ്ഥാപനം അതുവരെ ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ക്കും വിശ്വാസ്യതയ്ക്കും കളങ്കം വന്നതിനാലാണ് രാജിയെന്ന് എഡിറ്റോറിയല്‍ ടീം പറയുന്നു.

ഇന്റര്‍നാഷണല്‍ എഡിറ്റോറിയല്‍ ടീം സെപ്തംബര്‍ 15ന് പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് കാട്ടി മാനേജ്‌മെന്റിന് ലേഖനം തിരിച്ചയച്ചിരുന്നു. പുനപരിശോധനയ്ക്കായി മാനേജ്‌മെന്റ് വീണ്ടും ലേഖനം അയച്ചു. ലേഖനത്തിലെ ഉള്ളടക്കത്തിലെ വിശ്വാസ്യതയില്ലായ്മയും ലേഖകന്റെ വീക്ഷണത്തിലുള്ള അപകട രാഷ്ട്രീയവും കണക്കിലെടുത്താണ് എഡിറ്റോറിയല്‍ ടീമിന്റെ രാജി.