സ്‌റ്റെഫി ഗ്രാഫ് ആയുർവേദ ടൂറിസം ബ്രാൻഡ് അംബാസഡറാകും
തിരുവനന്തപുരം: മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സ്റ്റെഫി ഗ്രാഫ് ആയുർവേദ ടൂറിസം ബ്രാൻഡ് അംബാസഡറാകും. ഇന്നു ചേർന്ന മന്ത്രിസഭായോഗം ഇതു സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകി. ആയുർവേദ ടൂറിസത്തിന്റെ സാധ്യതകൾ വിലയിരുത്തി, ബന്ധപ്പെട്ട വകുപ്പുകളുടെ നിർദ്ദേശത്തെത്തുടർന്നാണ് സ്‌റ്റെഫിയെ ബ്രാൻസ് അംബാസഡറാക്കാൻ തീരുമാനിച്ചത്. കേരളത്തിലെ ആയുർവേദ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാകാൻ സമ്മതമാണെന്ന് സ്‌റ്റെഫി നേരത്തേ അറിയിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും പ്രതിഭാശാലിയായ വനിതാ ടെന്നീസ് കളിക്കാരിയായാണ് സ്‌റ്റെഫിയെ കണക്കാക്കുന്നത്. 22 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ സ്‌റ്റെഫി ഏറ്റവുമധികം സിംഗിൾസ് കിരീടങ്ങൾ നേടിയവരുടെ നിരയിൽ മൂന്നാം സ്ഥാനത്താണ്. 1999 ഡിസംബറിൽ അസോസിയേറ്റഡ് പ്രസ് നിയോഗിച്ച വിദഗ്ധരുടെ സംഘം സ്റ്റെഫിയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരിയായി തെരഞ്ഞെടുത്തിരുന്നു.
വിമൺസ് ടെന്നിസ് അസോസിയേഷന്റെ റാങ്കിങ്ങിൽ 377 ആഴ്ചകൾ ഗ്രാഫ് ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ആരും തന്നെ ഇത്രയധികം കാലം ഒന്നാം റാങ്കിൽ തുടർന്നിട്ടില്ല.