ഉത്തരാഖണ്ഡില്‍ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണു; 150 പേരോളം അപകടത്തില്‍ പെട്ടതായി ആശങ്ക; അണക്കെട്ട് തകര്‍ന്നു, മിന്നല്‍ പ്രളയ മുന്നറിയിപ്പ്

ഉത്തരാഖണ്ഡില് കൂറ്റന് മഞ്ഞുമല ഇടിഞ്ഞുവീണു.
 

ഉത്തരാഖണ്ഡില്‍ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണു. ചമോലി ജില്ലയിലെ ജോഷിമഠിലാണ് സംഭവമുണ്ടായത്. നന്ദാദേവി ഗ്ലേസിയര്‍ എന്ന് അറിയപ്പെടുന്ന മഞ്ഞുമലയുടെ വലിയൊരു ഭാഗമാണ് ഇടിഞ്ഞു വീണത്. ഇതേത്തുടര്‍ന്ന് ധോളിഗംഗ നദിയില്‍ വന്‍ പ്രളയമുണ്ടായി. തപോവന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന റിഷിഗംഗ വൈദ്യുത പദ്ധതിയുടെ അണക്കെട്ട് പ്രളയത്തില്‍ തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഗംഗയുടെ കരയിലുള്ള ജില്ലകളിലെല്ലാം മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കി.

അപകടത്തില്‍ 100 മുതല്‍ 150 പേര്‍ വരെ പെട്ടിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സംഘങ്ങള്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപകടത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.