കാട്ടുതീയും അന്തരീക്ഷ മലിനീകരണവും കോവിഡ് വ്യാപനം രൂക്ഷമാക്കും! പഠനം പറയുന്നത് ഇങ്ങനെ

രോഗവ്യാപനം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അന്തരീക്ഷ മലിനീകരണവും കാട്ടുതീയും കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നതാണ് ആ കണ്ടെത്തല്.
 

ലോകം ഇന്ന് കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്. ഫലപ്രദമായ വാക്‌സിന്‍ ഈ മഹാമാരിക്കെതിരെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ശാസ്ത്രലോകവും മുഴുകിയിരിക്കുന്നു. ഇതിനിടയില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും നടക്കുന്നുണ്ട്. വൈറസ് വ്യാപനവും രോഗാണുവിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ സംബന്ധിച്ചുമൊക്കെ പഠനങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അത്തരത്തിലുള്ള ഒരു പഠനത്തില്‍ രോഗവ്യാപനം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അന്തരീക്ഷ മലിനീകരണവും കാട്ടുതീയും കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നതാണ് ആ കണ്ടെത്തല്‍.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ കോവിഡ് കേസുകള്‍ വ്യാപകമായതിനു മരണങ്ങള്‍ വര്‍ദ്ധിച്ചതിനും അടുത്തിടെയുണ്ടായ കാട്ടുതീയുമായി ബന്ധമുണ്ടെന്ന് യൂറോപ്യന്‍ റിവ്യൂ ഫോര്‍ മെഡിക്കല്‍ ആന്‍ഡ് ഫാര്‍മകോളജിക്കല്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മാര്‍ച്ചിനും സെപ്റ്റംബറിനും ഇടയില്‍ പ്രദേശത്തെ അന്തരീക്ഷത്തില്‍ കാട്ടുതീയില്‍ നിന്നുള്ള പുക ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വര്‍ദ്ധിച്ചു. കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവിലും വര്‍ദ്ധനയുണ്ടായി. അന്തരീക്ഷ മലിനീകരണം അന്തരീക്ഷത്തിലൂടെ വൈറസിന് സഞ്ചരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്ന് സൗദി അറേബ്യയിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനും പഠനം നടത്തിയ സംഘത്തില്‍ അംഗവുമായ സുല്‍ത്താന്‍ അയൂബ് മിയോ പറയുന്നു.

അന്തരീക്ഷത്തില്‍ മാലിന്യമായി എത്തുന്ന അതിസൂക്ഷ്മ കണങ്ങളില്‍ രോഗാണുക്കള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയും. ഈ വായു ശ്വസിക്കുന്നവരുടെ ശ്വാസകോശത്തിലേക്ക് വൈറസിന് നേരിട്ട് കയറിപ്പറ്റാന്‍ ഇങ്ങനെ സാധിക്കും. കാട്ടുതീ പടര്‍ന്ന പ്രദേശങ്ങളിലെ കാര്‍ബണ്‍ മോണോക്‌സൈഡ് അവിടെ താമസിക്കുന്നവരുടെ ശ്വാസകോശ ആരോഗ്യത്തെ തകര്‍ക്കും. ഇവരില്‍ കൊറോണ വൈറസ് പ്രവേശിച്ചാല്‍ മരണം അതിവേഗം സംഭവിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.