ക്യാപ്പിറ്റോള്‍ ആക്രമണം; ട്രംപിനെതിരെ വിമര്‍ശനവുമായി ലോകനേതാക്കള്‍, അപലപിച്ച് മോദിയും

അമേരിക്കന് പാര്ലമെന്റ് മന്ദിരമായ ക്യാപ്പിറ്റോളില് നടന്ന അക്രമസംഭവങ്ങളില് രൂക്ഷ വിമര്ശനവുമായി ലോകനേതാക്കള്.
 

അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപ്പിറ്റോളില്‍ നടന്ന അക്രമസംഭവങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ലോകനേതാക്കള്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സുഹൃത്ത് എന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. നിയമവിരുദ്ധമായ പ്രതിഷേധം വഴി ജനാധിപത്യത്തെ അട്ടിമറിക്കാനാവില്ലെന്നും അക്രമസംഭവങ്ങളില്‍ ദുഃഖമുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു.

ജനാധിപത്യത്തിനായി നിലകൊള്ളുന്ന അമേരിക്കയില്‍ ചിട്ടയായും സമാധാനപരമായും അധികാര കൈമാറ്റം നടത്തേണ്ടതുണ്ടെന്നും യുഎസ് കോണ്‍ഗ്രസിലുണ്ടായത് അപമാനകരമായ രംഗങ്ങളാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അമേരിക്കന്‍ ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണം എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി തലവന്‍ ജോസഫ് ബോറെല്‍ പ്രതികരിച്ചത്.

വാഷിംഗ്ടണില്‍ നടന്നത് അമേരിക്കക്കാര്‍ക്ക് ചേര്‍ന്നതല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ക്യാപ്പിറ്റോളില്‍ നടന്നത് ജനാധിപത്യത്തിന് നേരെ നടന്ന ആക്രമണമാണെന്ന് ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വ്യക്തമാക്കി. മറ്റു ലോകരാജ്യങ്ങളും അമേരിക്കയിലെ അതിക്രമത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ആയിരത്തോളം ട്രംപ് അനുകൂലികള്‍ ക്യാപ്പിറ്റോള്‍ മന്ദിരത്തില്‍ ഇടിച്ചു കയറുകയായിരുന്നു. തോക്കുകളമായി എത്തിയ ഇവരെ പിന്നീട് ട്രംപ് അഭിസംബോധന ചെയ്യുകയും ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. ആക്രമണത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സഭകള്‍ അടിയന്തരമായി നിര്‍ത്തിവെച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്. അക്രമികളെ ദേശസ്‌നേഹികള്‍ എന്ന് വിശേഷിപ്പിച്ച് ഇവാങ്ക ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് ഇത് നീക്കം ചെയ്തു. ട്രംപിന്റെ ട്വിറ്റര്‍, ഫെയിസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.