കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് കിട്ടിയാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് റോഷി അഗസ്റ്റിന്
കോട്ടയം: രണ്ടു സീറ്റുകള്‍ കിട്ടിയാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് റോഷി അഗസ്റ്റിന് എംഎല്‍എ. ഇടുക്കി സീറ്റ് ലഭിച്ചാല്‍ പി.ജെ.ജോസഫ് അവിടെ മത്സരിക്കും. ജോസഫിന് കോട്ടയത്ത് സീറ്റ് നല്‍കാനായി കോണ്‍ഗ്രസ് ഇടപെട്ടതായി അറിവില്ല. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. തോമസ് ചാഴികാടനു വേണ്ടി പ്രചാരണവുമായി മുന്നോട്ടു പോകുകയാണെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
ഒരു തരത്തിലുള്ള അതൃപ്തിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടില്ല. യുഡിഎഫ് എല്ലാ സീറ്റുകളിലും ജയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും റോഷി അഗസ്റ്റിന് വ്യക്തമാക്കി. കൃത്യമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് കോട്ടയം സീറ്റില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടുള്ളത്. കോട്ടയത്ത് പരാജയപ്പെടും എന്ന കാര്യം പി.ജെ ജോസഫ് പറഞ്ഞിട്ടില്ലെന്നും റോഷി വ്യക്തമാക്കി.