ഡല്‍ഹി കലാപം രൂക്ഷമാകുന്നു; പേരും മതവും ചോദിച്ച് ആക്രമണം, രണ്ട് പേര്‍ക്ക് വെടിയേറ്റു

ഡല്ഹിയില് ഇന്നലെയാരംഭിച്ച കലാപം പടരുന്നു.
 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെയാരംഭിച്ച കലാപം പടരുന്നു. പേരും മതവും ചോദിച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ കേന്ദ്രസേനയുടെയോ പോലീസിന്റെയോ സാന്നിധ്യം വളരെ കുറവാണെന്നും അക്രമികള്‍ ആയുധങ്ങളുമായി തെരുവില്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നുമാണ് വിവരം. വാഹനങ്ങളില്‍ എത്തുന്നവരെ തടഞ്ഞു നിര്‍ത്തി പേരും മതവും ചോദിച്ച ശേഷമാണ് മര്‍ദ്ദിക്കുന്നത്.

വാഹനങ്ങളും കെട്ടിടങ്ങളും തീയിടുകയാണ്. ഇന്ന് നടന്ന സംഘര്‍ഷങ്ങളില്‍ രണ്ട് പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. ഇതുവരെ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. പോലീസുകാരന്റെയൊഴികെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കലാപത്തില്‍ 160 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.

പലയിടത്തും കൊള്ളയും നടക്കുന്നുണ്ട്. ഹിന്ദു-മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിന് ഇരയാകുകയാണെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. നിലവില്‍ രണ്ട് കമ്പനി ദ്രുതകര്‍മ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.