സംസ്ഥാനത്ത് പരക്കെ മഴ; വാഗമണ്ണില്‍ മണ്ണിടിഞ്ഞു; പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കിയില് പലയിടങ്ങളിലും മണ്ണിടിച്ചില്
 

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കിയില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷമാണ് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രി യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കിയിലെ റെഡ് അലര്‍ട്ട് ശനിയാഴ്ചയും തുടരും. പാംബ്ലയിലെ ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്കും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. അതിതീവ്ര മഴ തുടര്‍ച്ചയായി പെയ്താല്‍ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടാകും. ഇത് കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് ഈ ദിവസം പ്രതീക്ഷിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു.