കുണ്ടറക്കേസ്; പെണ്‍കുട്ടിയുടെ പിതാവിന്റെ പുതിയ ഓഡിയോ സന്ദേശം; എക്‌സ്‌ക്ലൂസീവ്

എന്സിപി നേതാവ് തന്റെ മകളുടെ കയ്യില് കയറിപ്പിടിച്ച കേസ് ഒത്തുതീര്പ്പാക്കാന് തയ്യാറാണെന്ന് പറയുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്.
 

കുണ്ടറ വിഷയത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റേതെന്ന് പറയപ്പെടുന്ന ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്‍സിപി നേതാവ് തന്റെ മകളുടെ കയ്യില്‍ കയറിപ്പിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാണെന്ന് പറയുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്. എന്‍സിപി നേതാവ് പത്മാകരന്‍ തനിക്കും മകനുമെതിരെ കൊടുത്ത കേസ് പിന്‍വലിച്ചാല്‍ പീഡനക്കേസ് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് ഇയാള്‍ പറയുന്നത്. ഇതിനായി മകളുടേയും ബിജെപി നേതാക്കാളുടേയും കാലുപിടിക്കാനും താന്‍ തയ്യാറാണെന്ന് അഭിഭാഷകനായ വര്‍ക്കല രവികുമാറിനോട് പറയുന്ന സംഭാഷണമാണ് പുറത്തു വന്നിട്ടുള്ളത്. പത്മാകരന്‍ കൊടുത്ത കേസിലാണ് താനും മകനും ജയിലില്‍ ആയതെന്നും ഇത് പിന്‍വലിക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടതിലൂടെ വിവാദമായ കേസിലാണ് ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് പിതാവ് പറയുന്നത്. എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായിരുന്ന പത്മാകരനെതിരായ കേസ് നല്ലനിലയില്‍ തീര്‍ക്കണമെന്ന് മന്ത്രി ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ പിതാവിനോട് ആവശ്യപ്പട്ടതിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് സംഭവം വിവാദമായത്. പത്മാകരന്‍ തന്റെ മകളുടെ കയ്യില്‍ കയറിപ്പിടിച്ച കേസാണോ മന്ത്രി ഉദ്ദേശിച്ചതെന്ന് പിതാവ് മന്ത്രിയോട് തിരിച്ചു ചോദിക്കുന്നുണ്ട്. അത് ഏതു രീതിയില്‍ തീര്‍പ്പാക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നതെന്നും പിതാവ് ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറയാതെ മന്ത്രി ശശീന്ദ്രന്‍ കോള്‍ കട്ട് ചെയ്യുകയായിരുന്നു.

അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ പിതാവ് തയ്യാറാണെന്ന സൂചനയാണ് അഭിഭാഷകനുമായുള്ള പുതിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകുന്നത്. പിതാവ് എന്‍സിപി പ്രവര്‍ത്തകനാണെങ്കിലും മകള്‍ യുവമോര്‍ച്ച പ്രവര്‍ത്തകയും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പത്മാകരന്റെ ഹോട്ടലിന് സമീപത്തു കൂടി പോയപ്പോള്‍ കയ്യില്‍ പിടിച്ച് ഹോട്ടലിലേക്ക് കയറ്റിയെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തിയതായും പരാതിയില്‍ പറയുന്നു.

സംഭവം നിയമസഭയില്‍ ഉള്‍പ്പെടെ വിവാദമായെങ്കിലും മന്ത്രി ശശീന്ദ്രന് ഇക്കാര്യത്തില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയിലാണ് പരിഹരിക്കാന്‍ താന്‍ ഇടപെട്ടതെന്നും സ്ത്രീപീഡനക്കേസ് ഇതിലുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ നല്‍കിയ വിശദീകരണം. പീഡന പരാതിയുമായി മകള്‍ മുന്നോട്ട് പോകുന്ന സമയത്താണ് അച്ഛന്റെ ഇത്തരത്തിലുള്ള ഒരു ഓഡിയോ പുറത്തുവരുന്നത്.