24 മണിക്കൂറിനിടെ രാജ്യത്ത് 445 കോവിഡ് മരണങ്ങള്‍; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

24 മണിക്കൂറിനിടെ രാജ്യത്തുണ്ടായത് 445 കോവിഡ് മരണങ്ങള്
 

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്തുണ്ടായത് 445 കോവിഡ് മരണങ്ങള്‍. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. 14281 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,25,282 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13699 ആയി.

പുതിയ രോഗബാധിതരില്‍ 63.44 ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. 9402 പുതിയ കേസുകളാണ് ഈ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ചികിത്സയിലുള്ളവരേക്കാള്‍ രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

1,74,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തരായവരുടെ എണ്ണം 2,37,195 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 9440 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ നിരക്ക് 55.77 ശതമാനമായി മാറിയിട്ടുണ്ട്.