ഉയരം 8 അടി! അഫ്ഗാനില്‍ നിന്നെത്തിയ ക്രിക്കറ്റ് പ്രേമിക്ക് താമസിക്കാന്‍ മുറിയില്ല

ലഖ്നൗവിലെ പല ഹോട്ടലുകളിലും കയറിയിറങ്ങിയെങ്കിലും ആരും മുറി നല്കിയില്ലെന്നാണ് ഷേര് ഖാന് പറയുന്നത്.
 

ലഖ്‌നൗ: ക്രിക്കറ്റ് പ്രേമിയായ ഷേര്‍ ഖാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ലഖ്‌നൗവിലെത്തിയത് അഫ്ഗാനിസ്ഥാനും വെസ്റ്റ്ഇന്‍ഡീസുമായുള്ള ഏകദിന ക്രിക്കറ്റ് മത്സരം കാണാനാണ്. എന്നാല്‍ അദ്ദേഹത്തിന് താമസിക്കാന്‍ ഹോട്ടലുകളൊന്നും മുറി നല്‍കാന്‍ തയ്യാറായില്ല. കാരണം അദ്ദേഹത്തിന്റെ ഉയരമാണ്. 8 അടി 2 ഇഞ്ചാണ് ഷേര്‍ ഖാന്റെ ഉയരം.

ലഖ്‌നൗവിലെ പല ഹോട്ടലുകളിലും കയറിയിറങ്ങിയെങ്കിലും ആരും മുറി നല്‍കിയില്ലെന്നാണ് ഷേര്‍ ഖാന്‍ പറയുന്നത്. ഉയരമാണ് എല്ലാവരും പ്രശ്‌നമായി ചൂണ്ടിക്കാട്ടിയത്. ഒടുവില്‍ ഗത്യന്തരമില്ലാതെ ഷേര്‍ ഖാന്‍ പോലീസിനെ സമീപിച്ചു.

നാകയിലെ രാജധാനി എന്ന ഹോട്ടലിലേക്ക് പോലീസുകാര്‍ ഷേര്‍ ഖാനുമായി എത്തി. അവിടെയാണ് അദ്ദേഹം ചൊവ്വാഴ്ച രാത്രി കഴിച്ചുകൂട്ടിയത്. അതിനിടയില്‍ മറ്റൊരു പ്രശ്‌നവും ഉടലെടുത്തു. 8 അടി ഉയരക്കാരനെ കാണാന്‍ ആളുകള്‍ കൂടി. ഹോട്ടലില്‍ മാത്രം 200ലേറെ ആളുകള്‍ എത്തിയെന്നാണ് ഉടമ റാണു എഎന്‍ഐയോട് പറഞ്ഞത്.

ഇതോടെ ഹോട്ടലില്‍ നിന്ന് ക്രിക്കറ്റ് മാച്ച് നടക്കുന്ന ഏകന സ്‌റ്റേഡിയത്തിലേക്ക് ഷേര്‍ ഖാന് പോലീസ് എസ്‌കോര്‍ട്ട് കൂടി നല്‍കേണ്ട അവസ്ഥയായെന്നാണ് റിപ്പോര്‍ട്ട്. ഈയാഴ്ച ഷേര്‍ ഖാന്‍ ലഖ്‌നൗവിലുണ്ടാകുമെന്നാണ് ഹോട്ടലുടമ അറിയിക്കുന്നത്.