വയനാട്ടില്‍ ഒരു സിനിമാ സ്റ്റൈല്‍ കല്യാണം; ഇടുക്കിയില്‍ നിന്ന് വധു എത്തിയത് ഹെലികോപ്ടറില്‍
മാനന്തവാടി: കോവിഡ് മൂലം ഒരിക്കല്‍ മാറ്റിവെച്ച വിവാഹം പിന്നീട് നടത്തിയത് സിനിമാ സ്റ്റൈലില്‍. ഇടുക്കി സ്വദേശിനിയായ വധു വയനാട്ടിലെ വിവാഹത്തിന് ഹെലികോപ്ടറില്‍ പറന്നെത്തി. വണ്ടന്മേട് ചേറ്റുകുഴി ബേബിയുടെ മകള്‍ മരിയയുടെ വിവാഹത്തിനാണ് കുടുംബം ഹെലികോപ്ടര്‍ ബുക്ക് ചെയ്തത്. നാലര ലക്ഷത്തോളം രൂപ ഹെലികോപ്ടറിന് മാത്രം ചെലവായി.
രാവിലെ 9 മണിയോടെയാണ് വധുവും കുടുംബവും ഹെലികോപ്ടറില്‍ പുറപ്പെട്ടത്. 10.20ന് വിവാഹവേദിയില്‍ ഇവരെത്തി. 14 മണിക്കൂറോളം വേണ്ടിവരുന്ന റോഡ് യാത്ര ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനം വധുവിന്റെ കുടുംബം എടുത്തത്.
വിവാഹത്തിന് ശേഷം കുടുംബം ഇടുക്കിയിലേക്ക് മടങ്ങിയതും ഹെലികോപ്ടറില്‍ തന്നെയായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ നടത്താനിരുന്ന വിവാഹം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും കോവിഡ് വ്യാപനവും കാരണം മാറ്റിവെക്കുകയായിരുന്നു.