ജാമിയ മിലിയ ലൈബ്രറിയില്‍ പോലീസ് നടത്തിയ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ഉണ്ടായ സംഭവങ്ങളില്‍ ഡല്‍ഹി പോലീസിന്റെ അവകാശവാദങ്ങള്‍ പൊളിച്ച് സിസിടിവി വീഡിയോ. ലൈബ്രറിയില്‍ കയറി പോലീസ് അതിക്രമം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായത്.
മുഖം മറച്ച് ലൈബ്രറിയില്‍ കയറി പോലീസുകാര്‍ അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പോലീസ് ലൈബ്രറിയിലെ ഉപകരണങ്ങള്‍ നശിപ്പിക്കുന്നതും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ വീണ്ടും മര്‍ദ്ദിക്കുന്നതും കാണാം.
ലൈബ്രറി റീഡിങ് ഹാളില്‍ പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളോടുള്ള പോലീസിന്റെ ക്രൂരമായ നടപടി സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത തീവ്രവാദ ആക്രമണമാണെന്ന് വീഡിയോ പുറത്തു വിട്ടുകൊണ്ട് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.